കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ഉണ്ടായത്: കെ സുരേന്ദ്രൻ

single-img
5 November 2021

കേരളത്തിൽ ഇന്ധന നികുതി കുറയ്ക്കാത്തതിന് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സംസ്ഥാന സർക്കാർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഇന്ധന നികുതി കുറയ്ക്കാൻ സർക്കാർ തയ്യാറാകണം.

ജനങ്ങൾ കഷ്ടപ്പെടുമ്പോൾ കരിങ്കല്ലു പോലെ ഇരിക്കുകയാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. രാജ്യത്തെ ഇന്ധന വില കൂടുമ്പോൾ മോദിക്കെതിരെ സമരം ചെയ്തിരുന്നവരാണ് യഥാർത്ഥത്തിൽ കൊള്ളക്കാരെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം നികുതി കുറച്ചിട്ടും നികുതി കുറയ്ക്കാത്ത പിണറായി സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ നിലപാടിനെതിരെ ബിജെപി സമരം ശക്തമാക്കുമെന്നും കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ഉണ്ടായതാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

കേരളം ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി പോലും കേന്ദ്രസർക്കാരാണ് പരിഹരിക്കുന്നതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വായ്പ്പാപരിധി കൂട്ടി, റവന്യൂകമ്മി നികത്തി, കൊവിഡ് ധന സഹായം നൽകി കേരളത്തെ താങ്ങിനിർത്തുന്നത് കേന്ദ്രമാണ്. കേന്ദ്രവിരുദ്ധ പ്രസ്താവന കൊണ്ട് ഇനിയും കേരളത്തിൽ പിടിച്ചുനിൽക്കാനാവില്ലെന്ന് സിപിഎം മനസിലാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.