മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാവാത്ത കോലിയുടെ നടപടി നല്ല സന്ദേശമല്ല ആരാധകര്‍ക്ക് നല്‍കുന്നത്: മുഹമ്മദ് അസ്ഹറുദ്ദീന്‍

single-img
1 November 2021

യുഎഇയിൽ നടക്കുന്ന ടി 20 ലോകകപ്പില്‍ തുടർച്ചയായ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ അനിശ്ചിതത്വത്തിലായ സന്ദർഭത്തിൽ പ്രതികരണവുമായി മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ . വളരെ പ്രധാനപ്പെട്ട ഒരു മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് എട്ടു വിക്കറ്റിന്റെ ദയനീയ തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്.

മത്സരശേഷമുള്ള പതിവ് പത്രസമ്മേളനത്തില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റനായ വിരാട് കോലി വിട്ടു നിന്നതിനെതിരെയാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ വിമർശിച്ചിരിക്കുന്നത്. കോലിക്ക് പകരം ജസ്പ്രീത് ബുംറയായിരുന്നു കഴിഞ്ഞ ദിവസം മത്സരശേഷമുള്ള പതിവ് പത്രസമ്മേളനത്തിന് എത്തിയത്.

മുഹമ്മദ് അസ്ഹറുദ്ദീന്റെ വയ്ക്കുകൾ: ‘മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാവാതിരുന്ന കോലിയുടെ നടപടി നല്ല സന്ദേശമല്ല ആരാധകര്‍ക്ക് നല്‍കുന്നത്. അതിന്റെ പ്രത്യാഘാതം അദ്ദേഹം അനുഭവിച്ചേ മതിയാകൂ. പരാജയം സംഭവിക്കുന്നതിൽ നാണക്കേട് തോന്നേണ്ട കാര്യമില്ല.

എന്നാൽ അതിനെക്കുറിച്ച് തുറന്നുപറയാന്‍ അദ്ദേഹം തയാറാവണം. ആളുകള്‍ക്ക് അത് കേള്‍ക്കാന്‍ താല്‍പര്യമുണ്ട്. കുറഞ്ഞപക്ഷം എന്തുകൊണ്ടു തോറ്റു എന്നെങ്കിലും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. ഒരു ക്യാപ്റ്റന്‍ സംസാരിക്കുന്നതും ടീമിലെ ഒരു കളിക്കാരനായ ജസ്പ്രീത് ബുംറ സംസാരിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. രാജ്യത്തെയും ജനങ്ങളെയും അഭിമുഖീകരിക്കാന്‍ കോലി തയ്യാറാവണം.