അരുണാചലിൽ ചൈനയുടെ പട്രോളിംഗും നിർമ്മാണ പ്രവൃത്തികളും നടക്കുന്നു; കടന്നുകയറ്റത്തിനെതിരെ പ്രതികരണവുമായി ഇന്ത്യ

single-img
31 October 2021

ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലും ചൈനീസ് സേനയുടെ കടന്നുകയറ്റമെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ അസാഫില മേഖലയിൽ പട്രോളിംഗും നിർമ്മാണ പ്രവൃത്തികളും നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിലവിൽ അവിടുത്തെ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും, കടന്നുകയറ്റം ഉഭയകക്ഷി ചർച്ചകളെ വെല്ലുവിളിക്കുന്നതാണെന്നും ഇന്ത്യ പ്രതികരിച്ചു.

നേരത്തെ, കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈന നടത്തിയ കടന്നുകയറ്റമാണ് വര്‍ഷങ്ങൾക്ക് ശേഷം ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാക്കിയത്. ഇവിടെ ഉണ്ടായ പ്രതിരോധത്തിനിടയിൽ 20 ഇന്ത്യൻ സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴാവട്ടെ ലഡാക്കിനൊപ്പം ഉത്തരാഖണ്ഡിലും അരുണാചലിലും ചൈന ഒരുപോലെ കടന്നുകയറ്റത്തിന് ശ്രമിക്കുമ്പോൾ കൂടുതൽ വഷളാവുകയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം.

ഏകദേശം മുവായിരത്തി അഞ്ഞൂറോളം കിലോമീറ്റര്‍ വരുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയിൽ കൂടുതൽ മേഖലകളിൽ തര്‍ക്കം ഉയര്‍ത്താനാണ് ഇപ്പോൾ ചൈന നടത്തുന്ന നീക്കം. ഓഗസ്റ്റ് മാസം മാത്രം ഉത്തരാഖണ്ഡിലെ ബരാഹോട്ടിൽ ചൈനീസ് പട്ടാളം എത്തിയത് ആ നീക്കത്തിന്‍റെ ഭാഗമായി വിലയിരുത്തുന്നു. നൂറോളം ചൈനീസ് പട്ടാളക്കാരാണ് അന്ന് എത്തിയത്. ഒക്ടോബറിൽ അരുണാചലിലെ ബുംലാ യങ്സിയിലേക്കായിരുന്നു ചൈനയുടെ നുഴഞ്ഞുകയറ്റം. ഇരുരാജ്യങ്ങളുടെയും സൈനികര്‍ അവിടെ മണിക്കൂറുകൾ മുഖാമുഖം നിക്കുന്ന സാഹചര്യം വരെ ഉണ്ടായിരുന്നു.