ഒരു മാപ്പ് കൊണ്ട് വിനോദ് റായ് ചെയ്ത പാപത്തിന്റെ കറകൾ കഴുകി കളയുവാൻ ആവില്ല: രമേശ് ചെന്നിത്തല

single-img
30 October 2021

മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് കോൺഗ്രസ്സ് നേതാവ് സഞ്ജയ് നിരുപത്തിനോട് മാപ്പ് പറഞ്ഞ സംഭവത്തിൽ വിനോദ് റായ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തെ വഞ്ചിച്ചതിന് ഈ ഒരു മാപ്പ് കൊണ്ട് വിനോദ് റായ് ചെയ്ത പാപത്തിന്റെ കറകൾ കഴുകി കളയുവാൻ ആവില്ല. സി.എ.ജി എന്ന ഉന്നത പദവി വഹിച്ചു കൊണ്ട് അദ്ദേഹം ചെയ്ത വഞ്ചന ജനം അറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

നുണകൾ പറഞ്ഞ് ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കുകയായിരുന്നു വിനോദ് റായ്. കഴിഞ്ഞ ഏഴു കൊല്ലമായി ഇന്ത്യ നേരിടുന്ന സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികൾക്ക് പ്രധാന കാരണം വിനോദ് റായ് ഉത്തരവാദിത്വപ്പെട്ട് സ്ഥാനത്തിരുന്ന് ബി.ജെ.പി. ഏജന്റായി പ്രവർത്തിച്ച് ജനങ്ങളെ കബളിപ്പിച്ച് വോട്ട് അവർക്ക് അനുകൂലമാക്കിയതിനാലാണ് എന്നും ചെന്നിത്തല ആരോപിക്കുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായ് കോൺഗ്രസ്സ് നേതാവ് സഞ്ജയ് നിരുപത്തിനോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. ജനാധിപത്യത്തെ വഞ്ചിച്ചതിന് ഈ ഒരു മാപ്പ് കൊണ്ട് വിനോദ് റായ് ചെയ്ത പാപത്തിന്റെ കറകൾ കഴുകി കളയുവാൻ ആവില്ല. സി.എ.ജി എന്ന ഉന്നത പദവി വഹിച്ചു കൊണ്ട് അദ്ദേഹം ചെയ്ത വഞ്ചന ജനം അറിഞ്ഞു തുടങ്ങിയിരിക്കുന്നു.

വിനോദ് റായ് ആദ്യം മാപ്പ് പറയേണ്ടത് മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ്ങിനോടാണ്. സമീപകാലയളവിൽ ലോകം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തി. സാമ്പത്തിക തകർച്ച നേരിടാതെ ഇന്ത്യയെ കാത്തു രക്ഷിച്ച മഹാനായ നേതാവും സാമ്പത്തിക ശാസ്ത്രഞ്ജഞനുമായിരുന്നു ഡോ. മൻമോഹൻ സിങ്. ലോകരാജ്യങ്ങളെല്ലാം ഇന്ത്യയെ അത്ഭുതത്തോടെ നോക്കിയിരുന്ന കാലം. ആ കാലഘട്ടത്തിലാണ് വിനോദ് റായ് കോൺഗ്രസ് പാർട്ടിയുടെയും ഡോ. മൻമോഹൻ സിങ്ങിന്റെയും പ്രതിച്ഛായ തകർക്കാൻ വേണ്ടി സംഘപരിവാർ നടത്തിയ ഗൂഢാലോചനയിൽ പങ്കുചേർന്ന് കള്ളക്കണക്കുകൾ നിരത്തി യു.പി.എ. ഭരണത്തെ തച്ചുതകർത്തത്. പക്ഷേ അന്ന് ഇല്ലാതായത് ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ പ്രതിച്ഛായ ആയിരുന്നു.

നുണകൾ പറഞ്ഞ് ഇന്ത്യൻ ജനതയെ വിഡ്ഢികളാക്കുകയായിരുന്നു വിനോദ് റായ്. കഴിഞ്ഞ ഏഴു കൊല്ലമായി ഇന്ത്യ നേരിടുന്ന സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികൾക്ക് പ്രധാന കാരണം വിനോദ് റായ് ഉത്തരവാദിത്വപ്പെട്ട് സ്ഥാനത്തിരുന്ന് ബി.ജെ.പി. ഏജന്റായി പ്രവർത്തിച്ച് ജനങ്ങളെ കബളിപ്പിച്ച് വോട്ട് അവർക്ക് അനുകൂലമാക്കിയതിനാലാണ്.

വിനോദ് റായ് ചെയ്തു കൊടുത്ത വഴിവിട്ട സഹായങ്ങൾക്ക് വേണ്ടി ബിജെപി സർക്കാർ അദ്ദേഹത്തിന് സർക്കാർ ചെലവിൽ കഴിയുവാനുള്ള ഉള്ള അവസരങ്ങൾ ഒരുക്കി കൊടുത്തിരിക്കുകയാണ്.
പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിനോദ് റായിയെ കിഫ്ബി ബോർഡിലെ അംഗമാകുവാൻ ഉദ്ദേശിച്ചത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലാകാത്ത ഒരു ചോദ്യമാണ്.

ജനം സത്യം തിരിച്ചറിഞ്ഞു തുടങ്ങി. മിസ്റ്റർ വിനോദ് റായ് ഈ രാജ്യത്തോടെ താങ്കൾക്ക് ഇനിയും മാപ്പ് അപേക്ഷിക്കേണ്ടിവരും. പക്ഷെ കാലം നിങ്ങൾക്ക് ഒരിക്കലും മാപ്പ് തരില്ല…