അത് വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങളല്ല; ട്രംപിന് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങൾ

single-img
12 October 2021

മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സൗദി സന്ദര്‍ശന സമയത്ത് സൗദി രാജകുടുംബം നല്‍കിയത് വ്യാജ സമ്മാനങ്ങളായിരുന്നെന്ന് റിപ്പോര്‍ട്ട്. വെള്ളക്കടുവയുടേയും ചീറ്റയുടേയും രോമങ്ങള്‍ കൊണ്ട് നിര്‍മിച്ചതെന്ന് അവകാശപ്പെട്ട് നല്‍കിയ മേല്‍ക്കുപ്പായങ്ങള്‍ വ്യാജമെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോർട്ട് ചെയ്തത്.

ട്രംപ് ഭരണത്തിൽ ഉണ്ടായിരുന്ന കാലയളവിൽ സമ്മാനങ്ങള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. എന്നാൽ അധികാരം ഒഴിയുന്നതിന്റെ അവസാന ദിവസം സമ്മാനങ്ങളെല്ലാം വൈറ്റ് ഹൗസില്‍ നിന്ന് ജനറല്‍ സര്‍വീസസ് അഡ്മിനിസ്ട്രേഷനിലേക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കൻ ഫിഷ് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഇവയെല്ലാം വിശദമായി പരിശോധിച്ചപ്പോഴാണ് ഇവ വ്യാജമാണെന്ന വിവരങ്ങള്‍ ലഭ്യമായതെന്ന് അമേരിക്കന്‍ ആഭ്യന്തര വകുപ്പ് വക്താവ് ടൈലര്‍ ചെറി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായി സന്ദര്‍ശിച്ച രാജ്യമായിരുന്നു സൗദി അറേബ്യ. 2017 മെയ് മാസത്തിലായിരുന്നു ട്രംപും ഭാര്യ മെലാനിയയും സൗദി സന്ദര്‍ശിച്ചത്. ആ സമയം തന്നെ ട്രംപിന് സൗദി നല്‍കിയ സമ്മാനങ്ങള്‍ അമേരിക്കയില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു.

അപൂർവ ഇനം മൃഗങ്ങളുടെ രോമക്കുപ്പായങ്ങള്‍ക്ക് പുറമേ മൂന്ന് വാളുകള്‍, മൂന്ന് കഠാരകള്‍ എന്നിവയും സമ്മാങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. ഇവയിൽ ഒരു കഠാരയുടെ പിടി ആനക്കൊമ്പ് കൊണ്ടാണ് നിര്‍മിച്ചതെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതും വ്യാജമാണെന്നാണ് ഇപ്പോള്‍ പുറത്തുവന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.