ധോണിഭായി അടുത്ത സീസണിൽ കളിക്കുന്നില്ലെങ്കിൽ ഞാനും കളിക്കില്ല; ഐപിഎല്ലിൽ നിന്നുള്ള വിരമിക്കലിനെ കുറിച്ച് സുരേഷ് റെയ്‌ന

single-img
12 October 2021

ധോണിയും സുരേഷ് റെയ്‌നയും തമ്മിലുള്ള സൗഹൃദ ബന്ധം ക്രിക്കറ്റ് ലോകത്ത് പ്രശസ്തമാണ്. ഒന്നര ദശാബ്ദ കാലത്തോളം ഇരുവരും ഇന്ത്യൻ ടീമിൽ ഒന്നിച്ചുകളിച്ചിരുന്നു. പിന്നാലെ ഇപ്പോൾ ഒരു പതിറ്റാണ്ടിലധികമായി ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിലും അവർ ഒന്നിച്ച് കളിക്കുന്നു. ധോണി ഇല്ലെങ്കിൽ ചെന്നൈ ടീമിനെ പലപ്പോഴും നയിച്ചത് ചിന്നത്തല എന്ന് ആരാധകർ വിളിക്കുന്ന റെയ്‌നയായിരുന്നു.

2020 ഓഗസ്റ്റ് 15 ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ റെയ്‌നയും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇപ്പോഴിതാഐപിഎൽ 14-ാം സീസണിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നതിനിടെ ഐപിഎല്ലിൽ തന്റെ ഭാവി എങ്ങിനെ എന്ന് വിശദീകരിക്കുകയാണ് റെയ്‌ന.

” ഐപിഎല്ലിൽ തീർച്ചയായും എനിക്ക് മുന്നിൽ നാലോ അഞ്ചോ വർഷങ്ങൾ ബാക്കിയുണ്ട്, എന്നാൽ എനിക്ക് ഒരു കാര്യം ഉറപ്പാണ് ഞാൻ ചെന്നൈക്ക് വേണ്ടി മാത്രമേ കളിക്കുകയുള്ളൂ മറ്റൊരു കാര്യം ധോണിഭായി അടുത്ത സീസൺ കളിക്കുന്നില്ലെങ്കിൽ ഞാനും കളിക്കില്ല, 2008 മുതൽ ഇതുവരെ ഞങ്ങൾ രണ്ടുപേരും ചെന്നൈക്ക് വേണ്ടി കളിക്കുന്നുണ്ട്.

ഇക്കുറി ചെന്നൈ കപ്പ് നേടിയാൽ അടുത്ത വർഷം കൂടി ചെന്നൈക്ക് വേണ്ടി കളിക്കാൻ ഞാൻ ധോണിയെ നിർബന്ധിക്കും, അതിന് അദ്ദേഹം തയാറായില്ലെങ്കിൽ ഞാനും ഐപിഎല്ലിൽ നിന്ന് വിരമിക്കും”- റെയ്‌ന പറഞ്ഞു. എന്നാൽ ഇതുവരെ വിരമിക്കുന്ന കാര്യത്തിൽ ധോണി കൃത്യമായ ഒരു മറുപടിയും നൽകിയിട്ടില്ല.