നെടുമുടി; ‘യവനിക’യില്‍ മമ്മൂട്ടിയേക്കാള്‍ പ്രതിഫലം വാങ്ങിയ നടൻ

single-img
11 October 2021

അരവിന്ദന്‍, ഭരതന്‍, ജോണ്‍ എബ്രഹാം എന്നീ സംവിധായകരുടേതായിരുന്നു നെടുമുടിയുടെ കരിയറിലെ ആദ്യ നാല് ചിത്രങ്ങള്‍. തമ്പ്, ആരവം, തകര, ചെറിയാച്ചന്‍റെ ക്രൂരകൃത്യങ്ങള്‍ എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. പിന്നാലെ എണ്‍പതുകളുടെ ആരംഭത്തോടെ നടന്‍ എന്ന നിലയില്‍ നെടുമുടി വേണുവിന്‍റെ തിരക്കും ആരംഭിച്ചു.

മലയാളത്തിലെ സമാന്തര സിനിമാ ധാരക്കാര്‍ക്കൊപ്പം അരങ്ങേറിയതിനാല്‍ നെടുമുടിയുടെ ആദ്യകാല നായകന്മാരും സാധാരണ നായക സങ്കല്‍പ്പങ്ങള്‍ക്കും ചട്ടക്കൂടുകള്‍ക്കും പുറത്തുനില്‍ക്കുന്നവരായിരുന്നു. പക്ഷേ അതില്‍ പലതിനും പ്രേക്ഷകര്‍ ഉണ്ടായതോടെ നെടുമുടി വേണു മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറാന്‍ തുടങ്ങി.

എണ്‍പതുകളുടെ തുടക്കം നെടുമുടിയുടെ കരിയറില്‍ ഒരു കുതിപ്പ് കണ്ട കാലയളവാണ്. 1980ല്‍ ആറ് സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചതെങ്കില്‍ 1981ല്‍ 15 സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. 1982ല്‍ 22 സിനിമകളിലും 1983ല്‍ 18 സിനിമകളിലും അദ്ദേഹം അഭിനയിച്ചു. എണ്ണത്തില്‍ മാത്രമല്ല, കാമ്പുള്ളവയായിരുന്നു അവയില്‍ ബഹുഭൂരിഭാഗവും എന്നതായിരുന്നു സവിശേഷത. ലെനിന്‍ രാജേന്ദ്രന്‍റെ വേനലും പത്മരാജന്‍റെ ഒരിടത്തൊരു ഫയല്‍വാനും മോഹന്‍റെ വിട പറയും മുന്‍പെയും ഫാസിലിന്‍റെ ധന്യയും ഭരതന്‍റെ പാളങ്ങളുമൊക്കെയായി കാമ്പും വൈവിധ്യവുമുള്ള ഒരു നിര ചിത്രങ്ങള്‍.

മലയാളത്തിലെ മുഖ്യധാരാ സിനിമയില്‍ സമാന്തര ധാര ശക്തമായ സ്വാധീനമായിരുന്ന അക്കാലത്ത് നെടുമുടി അതിന്‍റെ പ്രധാന പതാകാവാഹകനായിരുന്നു. വിട പറയും മുന്‍പെയും മര്‍മ്മരവും പാളങ്ങളുമൊക്കെ സാമ്പത്തിക വിജയങ്ങളായതോടെ തിരക്കുള്ള നായക നടനുമായി അദ്ദേഹം.

സുകുമാരന്‍ ആയിരുന്നു നെടുമുടിക്കൊപ്പം അക്കാലത്ത് നായകവേഷങ്ങളില്‍ തിളങ്ങിനിന്ന സമകാലികന്‍. സത്യന്‍ അന്തിക്കാടിന്‍റെ ‘കിന്നാരം’ പോലെ ഇരുവരും ഒരുമിച്ചഭിനയിച്ച നിരവധി ചിത്രങ്ങളും അക്കാലത്ത് പ്രേക്ഷകരിലേക്ക് എത്തി. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായും നെടുമുടി വളര്‍ന്നു. മലയാളത്തിലെ പ്രധാന അഭിനേതാക്കളില്‍ മിക്കവരുമെത്തിയ തന്‍റെ ചിത്രം ‘യവനിക’യില്‍ ഏറ്റവുമധികം പ്രതിഫലം നെടുമുടിക്കായിരുന്നുവെന്ന് കെ ജി ജോര്‍ജ് പറഞ്ഞിട്ടുണ്ട്. ഭരത് ഗോപിയും തിലകനും മമ്മൂട്ടിയും ജഗതി ശ്രീകുമാറുമൊക്കെ മത്സരിച്ചഭിനയിച്ച ചിത്രത്തില്‍ അവരെക്കാളൊക്കെ പ്രതിഫലം വാങ്ങിയത് നെടുമുടി വേണു ആയിരുന്നു.