പ്രൊഫസർ ടിജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാൻ കേന്ദ്രസർക്കാർ; സുരേഷ് ഗോപി സന്ദർശിച്ചു

single-img
22 September 2021

തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന പ്രൊഫസർ ടിജെ ജോസഫിനെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാന്‍ കേന്ദ്രത്തിന്റെ ആലോചന. ഇതിന്റെ ഭാഗമായി ഇന്ന് സുരേഷ് ഗോപി എംപി പ്രൊഫസർ ടിജെ ജോസഫിനെ സന്ദർശിച്ചു.

അതേസമയം, സുരേഷ് ഗോപിയുടെ സന്ദർശനം സൗഹാർദ്ദപരം മാത്രമാണെന്നാണ് ജോസഫിന്റെ പ്രതികരണം. ഇനിമുന്നോട്ട് ഒരുപാട് നല്ല കാര്യങ്ങൾ സംഭവിക്കട്ടെയെന്ന് പ്രൊഫസറിനെ ആശംസിച്ചാണ് സുരേഷ് ഗോപി എംപി മടങ്ങിയത്.

കേരളത്തെ നടുക്കിയ മതതീവ്രവാദ പ്രവർത്തനത്തിന്റെ ഏറ്റവും ഭീകരമായ സംഭവമായിരുന്നു ജോസഫ് മാഷിന്റെ അനുഭവം. അതിനാല്‍ തന്നെയാണ് ഇപ്പോള്‍ ബിജെപിയുടെ ഈ രാഷ്ട്രീയ നീക്കം. പ്രൊഫസർ ടിജെ ജോസഫ് നിയമനം സ്വീകരിക്കാൻ താത്പര്യം അറിയിച്ചതായാണ് വിവരം. ഇക്കാര്യം സുരേഷ് ഗോപി എംപി കേന്ദ്രസർക്കാരിനെ അറിയിക്കും.

2010 ജൂലൈ 4 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ചോദ്യപേപ്പറില്‍ മതനിന്ദയാരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. കേസിൽ പോപുലർ ഫ്രണ്ട് പ്രവർത്തകർ ശിക്ഷിക്കപ്പെട്ടിരുന്നു.