സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരികെ നല്‍കണം; വിദ്യാര്‍ത്ഥികളോട് സത്യവാങ്മൂലം ആവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വ്വകലാശാല

single-img
20 September 2021

വിവാഹം ചെയ്യുമ്പോള്‍ സ്ത്രീധനം വാങ്ങിയാൽ ബിരുദം തിരിച്ചുനല്‍കണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വ്വകലാശാല. സംസ്ഥാനത്ത് സ്ത്രീധന മരണം അടുത്തിടെ കൂടിവരുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കാന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കിയത്.

യൂണിവേഴ്സിറ്റി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം ഇപ്പോള്‍ നിര്‍ബന്ധമാക്കിയത്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യില്ലെന്ന് വിദ്യാര്‍ത്ഥിയും രക്ഷിതാവും എഴുതി നല്‍കണം. ഭാവിയില്‍ സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ചുനല്‍കുകയും ചെയ്യണം.

സര്‍വ്വകലാശാലയില്‍ പുതിയ അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്‌മെന്റുകളെ തുടര്‍ന്ന് പ്രവേശന നടപടി തുടങ്ങിയ ശേഷമാണ് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നത്. പുതിയ തീരുമാന പ്രകാരം നിലവില്‍ പ്രവേശനം നേടിയവരില്‍ നിന്നും പിന്നീട് സത്യവാങ്മൂലം സ്വീകരിക്കും.