കേരളാ പോലീസിനുള്ളിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി ആനി രാജ; പേരുകൾ വെളിപ്പെടുത്താൻ വെല്ലുവിളിച്ച് കുമ്മനം

single-img
1 September 2021

സംസ്ഥാനത്തെ പോലീസ് സീയുടെ ഉള്ളില്‍ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നതായി സംശയം പ്രകടിപ്പിച്ച് സിപിഐ നേതാവ് ആനി രാജ. എന്നാല്‍ ഇതിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തി. കേരളാ പോലീസില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആർഎസ്എസുകാരായ ഉദ്യോഗസ്ഥരുടെ പേരുകൾ വെളിപ്പെടുത്താൻ ആനി രാജ തയ്യാറാകണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.

മാത്രമല്ല, ഇതുപോലെ ആർഎസ്എസിനെ രാഷ്ട്രീയ നേട്ടത്തിനായി വലിച്ചിഴയ്ക്കാൻ പാടില്ലെന്നും കുമ്മനം പറയുന്നു. അതേസമയം, സംസ്ഥാന പോലീസിൽ ആർഎസ്എസ് ഗ്യങ് പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ച ആനി രാജ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക മന്ത്രി വേണമെന്നും അഭിപ്രായപ്പെട്ടിരുന്നു.

അടുത്ത കാലത്തായി കേരളത്തില്‍ സ്ത്രീകൾക്കെതിരെ വര്‍ദ്ധിച്ചുവന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആനി രാജ ആവശ്യം ഉന്നയിച്ചത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക വകുപ്പും പൂർണ്ണ സമയ മന്ത്രിയും വേണമെന്ന് അവർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും എൽഡിഎഫിനും കത്ത് നൽകുമെന്നും ആനി രാജ പറഞ്ഞു.

സംസ്ഥാനത്തെ പോലീസിനെതിരെ ആനി രാജ ഉന്നയിച്ച ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ആനി രാജ ഇക്കാര്യം പറഞ്ഞത്. അവര്‍ ആവശ്യമായ തെളിവുകൾ സ‍ര്‍ക്കാരിനോട് വെളിപ്പെടുത്തണമെന്നും ആനി രാജ ഉന്നയിച്ച വിഷയത്തിൽ മുഖ്യമന്ത്രി ആവശ്യമായ നടപടിയെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.