‘കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത’ ; വാർത്തകൾ തള്ളി മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

single-img
31 August 2021

മീഡിയ വണ്‍ ചാനലിൽ വന്ന കമ്മ്യൂണിസത്തിനെതിരെ ക്യാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടില്‍ തന്റെ ഫോട്ടോ വെച്ച് വന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു.

ഇതോടൊപ്പം തന്നെ സുന്നി മഹല്ല് ഫെഡറേഷന്റെ ലൈറ്റ് ഓഫ് മിഹ്‌റാബ് എന്ന പരിപാടിയില്‍ മലപ്പുറത്ത് താന്‍ പങ്കെടുത്തിരുന്നെന്നും എന്നാല്‍ അവിടെ താൻ നടത്തിയ പ്രസംഗത്തിലും തുടര്‍ന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടേയില്ലെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു.

പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ വാര്‍ത്തകള്‍ വരുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കമ്മ്യൂണിസം പതിയിരിക്കുന്ന അപകടമാണെന്നും ഇത് തിരിച്ചറിയാന്‍ കഴിയേണ്ടതുണ്ടെന്നും സമസ്ത ക്യാമ്പയിനെ കുറിച്ച് വിശദീകരിച്ച് ലേഖനം പുറത്തുവന്നിരുന്നു. സമസ്തയുടെ നേതാവും ദാറുല്‍ ഹുദ് ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സുപ്രഭാതം പത്രത്തിലും ചന്ദ്രിക പത്രത്തിലും എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവവിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. മാര്‍ക്സും ഏംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അതു സുതരാം വ്യക്തമാക്കിയതാണ്. ‘കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വവും ആരംഭിക്കുന്നു’വെന്നാണ് മാര്‍ക്സിന്റെ വീക്ഷണം. ലിബറല്‍ ധാര്‍മികതയാണ് കമ്മ്യൂണിസത്തിന്റെ ആശയം. സ്വതന്ത്ര ലൈംഗികതയെ വരെ അവര്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമസ്ത പറയുന്നു.