ടെസ്റ്റ്‌ പോസിറ്റിവിറ്റി കൂടുന്നു; നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല: മുഖ്യമന്ത്രി

single-img
20 July 2021

സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോഴുള്ള നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. വരുന്ന ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും.

ഇന്ന് വൈകിട്ട് കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെസ്റ്റ്‌ പോസിറ്റിവിറ്റി കൂടുകയാണ്. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് ഇപ്പോള്‍ ഇത് കൂടുതല്‍. ടി പി ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണം.

ജില്ലകളില്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. – മുഖ്യമന്ത്രി പറ‍ഞ്ഞു. അതേസമയം, കേരളത്തില്‍ ഇന്നലെ മൂന്നര ലക്ഷത്തിലധികം പേർക്കാണ് വാക്സിൻ നൽകിയത്. 3,53,454 പേർ ഇന്നലെ വാക്സിൻ സ്വീകരിച്ചു. 46,264 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരമാണ് ഒന്നാമത്. എറണാകുളമാണ് രണ്ടാം സ്ഥാനത്ത്. 41,039 പേര്‍ക്കാണ് എറണാകുളം ജില്ലയിൽ വാക്സിൻ നൽകിയത്. കോഴിക്കോട് 35000 ന് മുകളിലും വാക്സിനേഷൻ നടന്നു.