രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായതിന് പിന്നാലെ ഏഷ്യാനെറ്റിൽ കാവിവൽക്കരണം; എം ജി രാധാകൃഷ്ണൻ രാജിവെച്ചു; മനോജ് കെ ദാസ് ഗ്രൂപ്പ് മാനേജിങ് എഡിറ്റർ

single-img
15 July 2021
manoj k das asianet mg radhakrishnan

ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായതിന് പിന്നാലെ ഏഷ്യാനെറ്റിൻ്റെ തലപ്പത്ത് വൻ അഴിച്ചുപണി. ചാനലിൻ്റെ എഡിറ്റർ എം ജി രാധാകൃഷ്ണൻ രാജിവെച്ചു. ചാനലിൽ കാവിവൽക്കരണം നടക്കുന്നുവെന്നാരോപിച്ചാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.

മാതൃഭൂമിയിൽ നിന്നും അടുത്തിടെ രാജിവെച്ച മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടുന്ന ജൂപ്പിറ്റർ ക്യാപ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മീഡിയ വിഭാഗത്തിൻ്റെ മാനേജിങ് എഡിറ്റർ ആയി ചുമതലയേറ്റു. ജൂപ്പിറ്റർ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള ചാനലുകളുടെയും ഡിജിറ്റൽ ന്യൂസ് പ്ലാറ്റ്ഫോമുകളുടെയും നിയന്ത്രണം ഇനിമുതൽ മനോജ് കെ ദാസിനായിരിക്കും. ചാനലുമായി ഇടഞ്ഞ് നിൽക്കുന്ന കേരള ബിജെപിയെ അനുനയിപ്പിക്കുന്നതിൻ്റെ ഭാഗമാണ് ഈ നിയമനമെന്നാണ് റിപ്പോർട്ടുകൾ. മാതൃഭൂമി ദിനപ്പത്രത്തിൻ്റെ എഡിറ്റർ ആയിരുന്നു മനോജ് കെ ദാസ്. ഇദ്ദേഹം എഡിറ്റർ ആയിരുന്ന കാലത്ത് പത്രം സംഘപരിവാർ അനുകൂല എഡിറ്റോറിയൽ പോളിസി സ്വീകരിച്ചിരുന്നതായി ആരോപണങ്ങളുണ്ടായിരുന്നു.

സംഘപരിവാർ സഹയാത്രികനെന്നാരോപിക്കപ്പെടുന്ന മനോജ് കെ ദാസിൻ്റെ നിയമനമാണ് ഇടതുസൈദ്ധാന്തികൻ പി ജി ഗോവിന്ദപ്പിള്ളയുടെ മകനും ഇടതുസഹയാത്രികനുമായ എം ജി രാധാകൃഷ്ണൻ്റെ രാജിയിലേയ്ക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മാതൃഭൂമിയിലൂടെ മാധ്യമപ്രവര്‍ത്തനം തുടങ്ങിയ എം ജി രാധാകൃഷ്ണൻ പിന്നീട് ഇന്ത്യാടുഡേയിലും ജോലി ചെയ്തിട്ടുണ്ട്. ടിഎന്‍ ഗോപകുമാറിന്റെ മരണശേഷമാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ തലപ്പത്തേക്ക് എത്തുന്നത്. രാജീവ് ചന്ദ്രശേഖർ എന്ന ബിജെപിക്കാരനായ ഉടമയുടെ സ്ഥാപനത്തിൽ സിപിഎം സഹയാത്രികനായ എംജി രാധാകൃഷ്ണൻ എഡിറ്ററായി തുടരുന്ന കാലത്തും ഒരു നിക്ഷപക്ഷമുഖം സൂക്ഷിക്കാൻ ഏഷ്യാനെറ്റിന് കഴിഞ്ഞിരുന്നു. എന്നാൽ രാജീവ് ചന്ദ്രശേഖറിൻ്റെ മന്ത്രിസഭാ പ്രവേശനത്തോടെ ചാനൽ പൂർണ്ണമായും ബിജെപി നിയന്ത്രണത്തിലേയ്ക്ക് പോകുന്നതിൻ്റെ സൂചനകളാണ് ദൃശ്യമാകുന്നത്.

അതേസമയം, ബിജു എസ്, സിന്ധു സൂര്യകുമാർ എന്നിവരെ ചാനലിൻ്റെ എക്സിക്യൂട്ടിവ് എഡിറ്റർമാരായി നിയമിച്ചു. നിലവിൽ അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഡിറ്റർ തസ്തികയിലാണ് ഇരുവരും. ചീഫ് കോ ഓർഡിനേറ്റിങ് എഡിറ്റർ ആയിരുന്ന അനിൽകുമാർ എം എസിനെ സീനിയർ അസോസിയേറ്റിങ് എഡിറ്റർ ആയി നിയമിച്ചു. സീനിയർ ചീഫ് കോ ഓർഡിനേറ്റിങ് എഡിറ്റർമാരായിരുന്ന അഭിലാഷ് ജി നായർ, ഷാജഹാൻ പി, പിജി സുരേഷ് കുമാർ, വിനു വി ജോൺ, പ്രശാന്ത് രഘുവംശം എന്നിവർക്ക് ചീഫ് കോ ഓർഡിനേറ്റിങ് എഡിറ്റർമാരായി സ്ഥാനക്കയറ്റം നൽകി. ഇതിൽ അഭിലാഷ് ജി നായർ, ഷാജഹാൻ പി, പ്രശാന്ത് രഘുവംശം എന്നിവർക്ക് യഥാക്രമം മധ്യകേരളം, ഉത്തരകേരളം, ഡൽഹി എന്നിവിടങ്ങളിലെ റസിഡൻ്റ് എഡിറ്ററുടെ ചുമതല നൽകുകയും ചെയ്തു. പിജി സുരേഷ് കുമാർ, വിനു വി ജോൺ എന്നിവർ യഥാക്രമം ഔട്പുട്ട്, ഇൻപുട്ട് എന്നിവയുടെ ചുമതലയുള്ള അസോസിയേറ്റ് എഡിറ്റർമാർ ആയിരിക്കും.