പ്രധാനമന്ത്രിക്കും അമിത്ഷായ്ക്കും ‘ബംഗാൾ മാങ്ങകൾ’ അയച്ച് മമതാ ബാനർജി

single-img
1 July 2021

തുടര്‍ച്ചയായി മൂന്നാമതും പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ പിന്നാലെ മമതാ ബാനർജിയും കേന്ദ്ര സർക്കാരും തമ്മിലുള്ള സംഘട്ടനം കൂടുതൽ രൂക്ഷമായിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ ഇതിനിടയിലും കേന്ദ്ര ഭരണാധികാരികൾക്ക് വർഷങ്ങളായി നൽകിവരുന്ന ഉപഹാരങ്ങള്‍ മുടക്കാതിരിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി .

ഇതിന്റെ ഭാഗമായി പതിവ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷാക്കും നല്ല ബംഗാൾ മാമ്പഴങ്ങൾ കൊടുത്തയച്ചിരിക്കുകയാണ് മമത. ബംഗാളിലെ ഹിമസാഗർ, മാൽഡ, ലക്ഷ്മൺബോഗ് ഇനത്തിൽപെട്ട മികച്ച ഇനം മാങ്ങകളാണ് മമത കേന്ദ്ര നേതാക്കൾക്ക് സ്‌നേഹസമ്മാനമായി കൊടുത്തയച്ചിരിക്കുന്നത്. ഇരുവര്‍ക്കും പുറമെ രാഷ്ട്രപതി രാംകോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവർക്കും മമത മാമ്പഴങ്ങൾ അയച്ചിട്ടുണ്ട്.

സാധാരണയായി മമത ഓരോ വര്‍ഷവും മാമ്പഴങ്ങളും രണ്ടു ജോഡി കുർത്തയും കൊടുത്തയയ്ക്കുന്ന വിവരം നേരത്തെ ഒരു അഭിമുഖത്തിൽ നരേന്ദ്ര മോദി തന്നെ വെളിപ്പെടുത്തിയിരുന്നു. അയല്‍ രാജ്യമായ ബംഗ്ലാദേശ് പ്രധാനമന്ത്രി എല്ലാ കൊല്ലവും രണ്ടിനം മധുരങ്ങൾ കൊടുത്തയക്കാറുണ്ട്. അതിനെ അനുകരിച്ചാണ് മമതയും ഇത്തരമൊരു രീതി ആരംഭിച്ചതെന്നാണ് മോദി അന്നു പറഞ്ഞത്.

പക്ഷെ തനിക്ക് മോദിയോടുള്ള പ്രത്യേക മമതയോ സൗഹൃദമോ കാരണമല്ല, താൻ ഇത്തരത്തിൽ എല്ലാവർക്കും സമ്മാനങ്ങൾ നൽകാറുണ്ടെന്ന് ഇതിനോട് മമത പ്രതികരിക്കുകയും ചെയ്യുകയുണ്ടായി . അങ്ങിനെ ചെയ്യുന്നത് ബംഗാൾ സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് അന്ന് മമത വിശദീകരിച്ചത്.