ഇന്ധനവില വര്‍ദ്ധനവ് രാജ്യത്തെ ക്ഷേമ പദ്ധതികള്‍ക്ക്: കേന്ദ്ര പെട്രോളിയം മന്ത്രി

single-img
13 June 2021

രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്നത് ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് പണം കണ്ടെത്താനാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. നിലവില്‍ നാം കടന്നുപോകുന്ന പ്രയാസകരമായ സാഹചര്യത്തില്‍ ക്ഷേമ പദ്ധതികള്‍ക്കായി പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ഇന്ന് മന്ത്രി പറഞ്ഞു.

രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുമ്പോഴാണ് വില വര്‍ദ്ധനവിനെ ന്യായീകരിച്ച് മന്ത്രി തന്നെ നേരിട്ട് രംഗത്ത് എത്തിയത്. രാജ്യത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ വര്‍ഷം മാത്രം 35000 കോടി രൂപ കൊവിഡ് വാക്‌സീനായി ചെലവഴിക്കുന്ന സാഹചര്യം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

Aരാജ്യത്തെ തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിന് എതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെയും ധര്‍മ്മേന്ദ്ര പ്രധാന്‍ രംഗത്ത് എത്തി. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇന്ധനവില കൂടിയിരിക്കുകയാണെന്നും അത് കുറയ്ക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.