കേന്ദ്രം തിരിച്ച് വിളിച്ചിട്ടും പോകാതെ പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി വിരമിച്ചു; ഇനി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവ്

single-img
31 May 2021

സംസ്ഥാന സര്‍വീസില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ച പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ നിര്‍ദ്ദേശം പാലിക്കാതെ വിരമിച്ചു. അടിയന്തിരമായി ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കേന്ദ്ര നിര്‍ദേശം ലംഘിച്ചാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ നടന്നത്. ഇനി അദ്ദേഹം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും.

എന്തുവന്നാലും ബന്ദോപാധ്യായയെ ഡല്‍ഹിയിലേക്ക് അയക്കില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് കത്തെഴുതി മണിക്കൂറുകള്‍ക്കകം, അദ്ദേഹം വിരമിച്ചതായും മൂന്നു വര്‍ഷം സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടകനായി പ്രവര്‍ത്തിക്കുമെന്നും മമത പ്രഖ്യാപിക്കുകയായിരുന്നു. ബന്ദോപാധ്യയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് മമതയുടെ ഈ നിര്‍ണ്ണായകമായ നീക്കം.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ നിന്ന് മമതയും ചീഫ് സെക്രട്ടറിയും പെട്ടെന്ന് മടങ്ങിയത് വിവാദമായിരുന്നു. ഇതിന്റെ പിന്നാലെയാണ് ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയത്.