ടൗട്ടേ തീരംതൊട്ടു: ഗുജറാത്തില്‍ കനത്തമഴയും കാറ്റും

single-img
17 May 2021

അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരംതൊട്ടു. ഗുജറാത്തില്‍ കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടര്‍ന്ന് ആശുപത്രിയില്‍നിന്നുള്ള കോവിഡ് രോഗികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് ടൗട്ടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറില്‍ 155-165 കിലേമീറ്ററായിരിക്കും ടൗട്ടേയുടെ വേഗത. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ദാമന്‍ ആന്‍ഡ് ദിയുവിലെ ലെഫ്.ഗവര്‍ണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു.

അതേസമയം ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് ആറുപേര്‍ മരിച്ചു. രണ്ട് ബോട്ടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്. ടൗട്ടേ ഗുജറാത്ത് തീരത്തേക്ക് കടക്കും മുന്‍പ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്തമഴയ്ക്ക് കാരണമായിരുന്നു. ടൗട്ടേ കരുത്താര്‍ജിച്ചതിന്റെ പശ്ചാത്തലത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളം അടച്ചു.