യുപിയില്‍ നിന്ന് ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ ഗംഗയില്‍ വലകെട്ടി ബിഹാര്‍

single-img
13 May 2021

യുപിയില്‍ നിന്ന് ഒഴുക്കിവിടുന്ന മൃതദേഹങ്ങള്‍ തടയാന്‍ ഗംഗയില്‍ വലിയ വലകെട്ടി ബിഹാര്‍. ബക്സര്‍ ജില്ലയിലെ ചൗസായില്‍ ഗംഗയിലൂടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒഴുകിവന്നിരുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ വരാന്‍ സാധ്യതയുള്ളതിനാലാണ് നദിയില്‍ വല കെട്ടിയതെന്ന് ബിഹാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു.

”ബിഹാര്‍-യുപി അതിര്‍ത്തിയില്‍ റാണിഗഢ് ഭാഗത്ത് നദിയില്‍ വലിയ വല കെട്ടിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയും ഒഴുകി വന്ന മൃതദേഹങ്ങള്‍ അതില്‍ കുടുങ്ങി. ഇത് യുപിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് അവരാണ്.”- ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, യുപിയില്‍നിന്ന് മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നില്ലെന്ന നിലപാടില്‍ അവിടത്തെ ഉദ്യോഗസ്ഥര്‍ ഉറച്ചുനില്‍ക്കുകയാണ്. ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകുന്നത് വിശദീകരിക്കാന്‍ പട്നാ ഹൈക്കോടതി ബിഹാര്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഇതുവരെ ഒഴുകി വന്ന 71 മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിച്ചതായി ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ്ത്സാ ട്വീറ്റ്ചെയ്തു.

പുഴയിലേക്ക് ശവശരീരങ്ങള്‍ വലിച്ചെറിയുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉത്തര്‍പ്രദേശ്-ബീഹാര്‍ അതിര്‍ത്തിയിലെ ഒരു പാലത്തില്‍ വച്ച് ആംബുലന്‍സ് ഡ്രൈവര്‍ ശവശരീരങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ശവശരീരങ്ങള്‍ പുഴയിലേക്ക് വലിച്ചെറിയാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടതായി ബിജെപി എംപി പറഞ്ഞു.