ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കാന്‍ ദൗത്യസംഘം; സുപ്രീംകോടതി നടപടിയെ അഭിനന്ദിച്ച് പ്രശാന്ത് ഭൂഷണ്‍

single-img
8 May 2021

രാജ്യവ്യാപകമായ കൊവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്‍ വിതരണം നിരീക്ഷിക്കുന്നതിനായി ദൗത്യ സംഘത്തെ നിയോഗിച്ച സുപ്രീംകോടതിയുടെ നടപടിയെ അഭിനന്ദിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍.ഓക്സിജന്‍ വിതരണത്തിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തങ്ങളെ തോല്‍പ്പിച്ചതാണെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ എഴുതി.

‘രാജ്യമാകെ ഓക്‌സിജനും മരുന്നുകളും വാക്‌സിനുകളും എത്തിക്കാനും കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ശാസ്ത്രീയവും യുക്തിസഹവുമായ അടിസ്ഥാനത്തില്‍ പഠിക്കാനും ദൗത്യസംഘത്തെ നിയോഗിച്ച സുപ്രീംകോടതിയ്ക്ക് അഭിനന്ദനങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ ഞങ്ങളെ തോല്‍പ്പിച്ചു’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

നിലവില്‍12 അംഗ ടാസ്‌ക് ഫോഴ്‌സിനെയാണ് സുപ്രീംകോടതി രൂപീകരിച്ചിരിക്കുന്നത്. ഇനിമുതല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ക്കായിരിക്കും ഇന്ത്യയിലെ ഓക്‌സിജന്‍ വിതരണത്തിന്റേയും ലഭ്യതയുടേയും നിരീക്ഷണത്തിനുള്ള ചുമതലയെന്നും ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് കരുതുന്നതായും കോടതി പറയുകയും ചെയ്തിരുന്നു.

ഡോ. ഭാബതോഷ് ബിശ്വാസ് (മുന്‍ പശ്ചിമ ബംഗാള്‍ ഹെല്‍ത്ത് സയന്‍സ് വി.സി), ഡോ. ദേവേന്ദര്‍ സിംഗ് റാണ (ചെയര്‍പേഴ്‌സണ്‍, ശ്രീഗംഗാറാം ഹോസ്പിറ്റല്‍, ദല്‍ഹി), ഡോ. ദേവി പ്രസാദ് ഷെട്ടി (ചെയര്‍പേഴ്‌സണ്‍ & എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ നാരായണ ഹെല്‍ത്ത് കെയര്‍, ബെംഗളൂരൂ), ഡോ. ഗഗന്‍ദീപ് കംഗ് (പ്രൊഫ. ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍, തമിഴ്‌നാട്), ഡോ. ജെ.വി പീറ്റര്‍ (ഡയറക്ടര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് വെല്ലൂര്‍, തമിഴ്‌നാട്), ഡോ. നരേഷ് ടെഹ്‌റാന്‍ ( ചെയര്‍പേഴ്‌സണ്‍ & എം.ഡി മേദാന്ത ആശുപത്രി ഗുരുഗ്രാം), ഡോ. രാഹുല്‍ പണ്ഡിറ്റ് (ഡയറക്ടര്‍ ക്രിട്ടിക്കല്‍ കെയര്‍ & ഐ.സി.യു ഫോര്‍ട്ടിസ് ആശുപത്രി മഹാരാഷ്ട്ര), ഡോ. സൗമിത്ര റാവത്ത് (ചെയര്‍മാന്‍, സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി & ലിവര്‍ ട്രാന്‍സ്പ്ലാന്റ്, ശ്രീ ഗംഗാറാം ആശുപത്രി), ഡോ. ശിവകുമാര്‍ സരിന്‍ (പ്രൊഫ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ & ബിലിയറി സയന്‍സ്, ദല്‍ഹി), ഡോ. സരീര്‍ എഫ് ഉദ്വൈതിയ (കണ്‍സള്‍ട്ടന്റ് & ചെസ്റ്റ് ഫിസിഷ്യന്‍ ഹിന്ദുജ ആശുപത്രി മുംബൈ), ആരോഗ്യമന്ത്രാലയത്തിലേയും കുടുംബക്ഷേമ മന്ത്രാലയത്തിലേയും സെക്രട്ടറിമാര്‍ എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിലെ അംഗങ്ങള്‍.