സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോഷകസംഘടനയിലെ അംഗങ്ങളും രക്തദാനത്തിന് തയാറാകണം: കെപിസിസി

single-img
28 April 2021

സംസ്ഥാനത്ത്കൊവിഡ് പ്രതിസന്ധി അതീവരൂക്ഷമായ സാഹചര്യത്തില്‍ രക്തക്ഷാമം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തദാനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോഷകസംഘടനയിലെ അംഗങ്ങളും തയ്യാറാകണമെന്ന് കെപിസിസി ആഭ്യര്‍ത്ഥിച്ചു.

ഇന്ന് ഇന്ദിരാഭവനില്‍ ഓണ്‍ലൈനായി ചേര്‍ന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്. നിലവിലെ സാഹചര്യത്തില്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വാക്സിനേഷന്‍ പ്രക്രിയ ആരംഭിക്കുമ്പോള്‍ രക്തദാനം പ്രതിസന്ധിയിലാകും. കാരണം, വാക്സിനേഷന്‍ എടുത്ത് കഴിഞ്ഞാല്‍ നാലാഴ്ചത്തേക്ക് രക്തദാനം സാധ്യമല്ല.

അങ്ങിനെ സംഭവിച്ചാല്‍ സംസ്ഥാനമാകെ വലിയ തോതിലുള്ള രക്തക്ഷാമത്തിന് കാരണമാകും. നമ്മുടെ ആരോഗ്യമേഖല നേരിടുന്ന മറ്റൊരു കടുത്ത വെല്ലുവിളിയായിത് മാറുമെന്നും യോഗം വിലയിരുത്തി. അതിനാല്‍ വാക്‌സിനേഷന് മുന്‍പ് രക്തദാനം ചെയ്യുന്നതിന് യുവാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്നദ്ധരാക്കണം.

ഇതിന്റെ ഭാഗമായി ഡിസിസി,ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലത്തില്‍ വിപുലമായ കര്‍മ്മപദ്ധതി തയ്യാറാക്കി സജീവ ഇടപെടല്‍ നടത്താനും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരളത്തിലെ ഇടുക്കി പോലുള്ള ജില്ലകളില്‍ വേണ്ടത്ര രക്തബാങ്കുകള്‍ ഇല്ലാത്തത് പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയുണ്ട്. രക്തബാങ്കുകളുടെ അപര്യാപ്തത എത്രയും വേഗം പരിഹരിക്കണം. കൊവിഡ് രോഗനിര്‍ണ്ണയ പരിശോധനയ്ക്കുള്ള ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ ഡോ. എസ്എസ് ലാലിന്റെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ തയ്യാറായ ഡോക്ടര്‍മാരെ യോഗം പ്രത്യേകം അഭിനന്ദിച്ചു. 24 മണിക്കൂര്‍ പൊതുജനങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ബന്ധപ്പെടാനായി 7907163709,7306283676 എന്ന മൊബൈല്‍ നമ്പറും 8075800733 എന്ന വാട്സാപ്പ് നമ്പറുമുണ്ട്. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെ ഭാഗമായി സംസ്ഥാനത്ത് വാളന്റിയേഴ്സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.