കൂടുന്ന കോവിഡ് മരണങ്ങള്‍; ഡല്‍ഹിയില്‍ പാര്‍ക്കുകളും പാര്‍ക്കിങ് ഏരിയകളും ശ്മശാനങ്ങളാക്കി മാറ്റുന്നു

single-img
27 April 2021

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കോവിഡ് മരണങ്ങള്‍ വർദ്ധിച്ചതോടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയാണ്. ഞായറാഴ്ച ഡല്‍ഹിയിലെ വിവിധ ശ്മശാനങ്ങളിലായി സംസ്കരിച്ചത് 650ലധികം പേരെയാണ്. അതുകൊണ്ടുതന്നെ പാര്‍ക്കുകളും പാര്‍ക്കിങ് ഏരിയകളുമെല്ലാം താത്കാലികമായി ശ്മശാനങ്ങളാക്കി മാറ്റുകയാണ് അധികൃതര്‍.

സാധാരണ ദിവസങ്ങളിൽ 10ഉം 15ഉം ശ്മശാനങ്ങള്‍ സംസ്കരിച്ചിരുന്ന സരായ് കാലെയില്‍ ഇപ്പോൾ 60-70 മൃതദേഹങ്ങള്‍ വരെയാണ് ഒരു ദിവസം സംസ്കരിക്കുന്നത്. ഓരോ ദിവസവും 22 മൃതദേഹങ്ങള്‍ മാത്രം സംസ്കരിക്കാന്‍ ശേഷിയുള്ള ഇടത്താണ് നിലവിൽ മൂന്നിരട്ടി വരെ സംസ്കരിക്കേണ്ടിവരുന്നത്. ഇവിടങ്ങളിൽ സംസ്കരിക്കാനാവാശ്യമായ വിറകിനും വലിയ ക്ഷാമമുണ്ട്.

പലസ്ഥലങ്ങളിലും പിപിഇ കിറ്റുകള്‍ പോലുമില്ലാതെയാണ് ശ്മശാനത്തിലെ ജോലിക്കാര്‍ രാപ്പകല്‍ ജോലി ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ സരായ് കാലെക്ക് സമീപമുള്ള പച്ചപ്പ് നിറഞ്ഞ പ്രദേശത്ത് പുതിയ 50 പ്ലാറ്റ്‍ഫോമുകളാണ് സംസ്കാരത്തിന് അധികൃതർ ഒരുക്കുന്നത്. ഇതോടൊപ്പം തന്നെ ഗാസിപൂരിലെ ശ്മശാനത്തിലെ പാര്‍ക്കിങ് ഏരിയയിലും താത്കാലിക സജ്ജീകരണമായി.