ഓണ്‍ലൈന്‍ ക്ലാസിനിടെ ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല; വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച് ഐഐടി അധ്യാപിക

single-img
26 April 2021

ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്നതിനിടയില്‍ ദേശീയ ഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നിന്നില്ല, ഭാരത് മാത കീ ജയ് എന്ന് വിളിച്ചില്ലെന്ന് ആരോപിച്ച് ചില വിദ്യാര്‍ത്ഥികളെ ഖരക്പൂര്‍ ഐഐടിയിലെ അധ്യാപകന്‍ അധിക്ഷേപിച്ചതായി പരാതി. അധിക്ഷേപത്തിന് ഇരയായ ചില കുട്ടികളും അവരുടെ ചില ബന്ധുക്കളും സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് ഇത് പുറത്ത് അറിഞ്ഞത്.

പുറത്തുവന്ന ഒരു വീഡിയോയില്‍ ഒരു അധ്യാപിക പറയുന്നത് ഇങ്ങിനെ: ‘ ദേശീയ ഗാനത്തിന് എഴുന്നേറ്റ് നില്‍ക്കുക എന്നതാണ് മിനിമം നിങ്ങള്‍ക്ക് ഈ രാജ്യത്തോട് ചെയ്യാന്‍ കഴിയുന്നത്’. പിന്നാലെ ഇവര്‍ 100 ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ക്ലാസ് പിരിച്ചുവിടുകയും ചെയ്തു. ഇതിനിടയില്‍ കുട്ടികളെ നാണമില്ലാത്തവര്‍ എന്നും ഈ അധ്യാപിക വിളിക്കുന്നുണ്ട്.

മാത്രമല്ല, നിങ്ങള്‍ക്ക് വേണമെങ്കില്‍ തനിക്കെതിരെ ‘ന്യൂനപക്ഷ കമ്മിറ്റിയിലോ’, വിദ്യാഭ്യാസ മന്ത്രാലയത്തിലോ പരാതി കൊടുക്കാനും ഈ അധ്യാപിക വിദ്യാര്‍ത്ഥികളെ വെല്ലുവിളിക്കുന്നുണ്ട്. വീഡിയോ വിവാദം ആകുകയും തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഒരു കമ്മിറ്റി ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കുമെന്നും ഐഐടി ഖരക്പൂര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.