ഓക്സിജൻ ടാങ്കർ ചോർന്നു: മഹാരാഷ്ട്രയിൽ 22 കോവിഡ് രോഗികൾ മരിച്ചു

single-img
21 April 2021
nashik oxygen cylinder leak

മുംബൈ: ഓക്സിജൻ ലഭിക്കാതെ 22 കോവിഡ് രോഗികൾ മരിച്ചു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള സക്കീർ ഹുസൈൻ ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ ഓക്സിജനെത്തിച്ച ടാങ്കറിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് 30 മിനിട്ട് ഓക്സിജൻ സപ്ലൈ മുടങ്ങിയതാണ് കോവിഡ് രോഗികളുടെ ജീവനെടുത്തത്.

മരിച്ച എല്ലാ രോഗികളും വെൻ്റിലേറ്ററിലായിരുന്നു. ഓക്സിജൻ നൽകിക്കൊണ്ടിരുന്നതിനാലാണ് ഇവരുടെ ജീവൻ നിലനിന്നത്. ആശുപത്രിയിലെ പ്രധാന ഓക്സിജൻ ടാങ്കിൽ നിന്നും പൈപ്പ് വഴി മുറികളിലേയ്ക്ക് ഓക്സിജൻ സപ്ലൈ ചെയ്യുന്ന കേന്ദ്രീകൃത സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. ഈ പ്രധാന ടാങ്കിൽ ഓക്സിജൻ നിറയ്ക്കുന്നതിനിടയിൽ ഓക്സിജൻ കൊണ്ടുവന്ന ടാങ്കറിലുണ്ടായ ലീക്കാണ് സപ്ലൈ മുടങ്ങാൻ കാരണമായത്. 150-ലധികം രോഗികൾ ഓക്സിജനെ ആശ്രയിച്ച് ഈ ആശുപത്രിയിൽ ചികിൽസയിലുണ്ട്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണികൂറിൽ 58,924 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സമയത്ത് 351 രോഗികൾ മരിക്കുകയും 52,412 പേരാൺ രോഗമുക്തി നേടുകയും ചെയ്തു. ആകെ 39ലക്ഷം പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. 60,824 പേരുടെ ജീവനാണ് രോഗം കവർന്നെടുത്തത്.

22 Covid Patients Dead After Oxygen Tanker Leak In Nashik