വഴിയേ നടന്ന് പോയ യുവാവിന് നേരേ മുനമ്പം പൊലീസിൻ്റെ വക അസഭ്യവർഷവും കയ്യേറ്റവും; താമസസ്ഥലത്ത് ഗുണ്ടകളെത്തി ഭീഷണി

single-img
18 April 2021

എറണാകുളം: വഴിയേ നടന്നുപോയ യുവാവിന് നേരേ മുനമ്പം പൊലീസിൻ്റെ വക അസഭ്യവർഷവും കയ്യേറ്റവും. കോഴിക്കോട് സ്വദേശിയായ വൈശാഖ് ടികെ എന്ന യുവാവിനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ദുരനുഭവമുണ്ടായത്. വൈശാഖിനെ കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് വിട്ടയച്ചെങ്കിലും പരാതികൊടുക്കുമെന്നറിഞ്ഞ് താൻ താമസിക്കുന്ന സ്ഥലത്ത് രാത്രിയിൽ അഞ്ചംഗസംഘമെത്തി ഭീഷണിപ്പെടുത്തിയെന്നും വൈശാഖ് ആരോപിക്കുന്നു.

മുനമ്പത്തെ കടലോരം റിസോർട്ടിൽ ജീവനക്കാരനായ വൈശാഖ് വെള്ളിയാച്ച ഉച്ചകഴിഞ്ഞ് 3.30ന് ഭക്ഷണം കഴിച്ച് ജോലിസ്ഥലത്തേയ്ക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ചെറായി ബീച്ച് റോഡിലൂടെ നടക്കുമ്പോൾ തനിക്കൊരു ഫോൺ കോൾ വരുകയും അത് അറ്റൻ്റ് ചെയ്യുന്നതിനിടയിൽ തൻ്റെ മാസ്ക് അബദ്ധവശാൽ താഴ്ത്തുകയും ചെയ്തപ്പോഴാണ് പൊലീസ് എത്തിയതെന്ന് വൈശാഖ് പറയുന്നു.

തൻ്റെ അടുത്ത് വാഹനം നിർത്തിയ എസ് ഐ തൻ്റെ പേരും നാടും ചോദിച്ചു. തൻറെ വീട് കോഴിക്കോട് ജില്ലയിൽ ആണെന്നറിഞ്ഞപ്പോൾ “കോഴിക്കോട് നിന്നും ഇവിടെ വന്നിട്ട് മാസ്ക് ഇല്ലാതെ നടക്കുകയാണോ താ&%#₹ ” എന്ന് അമ്മയെ ചേർത്ത് അസഭ്യം പറഞ്ഞതിനെ താൻ എതിർത്തപ്പോഴാണ് തന്നെ പൊലീസുകാർ കയ്യേറ്റം ചെയ്തതെൻ വൈശാഖ് പറയുന്നു.

“അമ്മയെ ചേർത്ത് തെറി വിളിക്കരുതെ“ന്ന് വൈശാഖ് പറഞ്ഞതിൽ പ്രകോപിതനായ എസ് ഐ ഇറങ്ങിവന്ന് അദ്ദേഹത്തെ കഴുത്തിന് പിടിച്ച് ജീപ്പിന് അകത്തേക്കിട്ടു അപ്പോഴേക്കും ഡ്രൈവറും ഇറങ്ങി വന്ന് എസ് ഐയുടെ കൂടെ ചേർന്നു. സ്റ്റേഷനിലെത്തിയപ്പോൾ എസ്ഐയും,
എഎസ് ഐയും കേട്ടാലറയ്ക്കുന്ന ഭാഷയിൽ ചീത്തവിളിക്കുകയും എഎസ്ഐ തൻ്റെ കഴുത്തിന് പിടിച്ച് തള്ളുകയും ചെയ്തുവെന്നും വൈശാഖ് ആരോപിക്കുന്നു.

തന്നെ പൊലീസുകാർ അസഭ്യം പറഞ്ഞത് വീഡിയോ കോളിലൂടെ തൻ്റെ സുഹൃത്ത് സിജി ഗിരീഷ് കേട്ടിട്ടുണ്ടെന്നും വൈശാഖ് പറയുന്നു. കോളിലൂടെ ഗിരീഷിനോട് “നമ്മുടെ പിണറായി സഖാവിൻ്റെ ജനമൈത്രി പൊലീസ് ഇങ്ങനാണോ?“ എന്ന് ചോദിച്ച തന്നോട് ഒരു സിവിൽ പൊലീസ് ഓഫീസർ “പിണറായി സഖാവ് ആരാടാ മൈ#₹@?“ എന്ന് അസഭ്യം പറഞ്ഞതായും വൈശാഖ് ആരോപിക്കുന്നു. എസ്ഐയുടെയും സിഐയുടെയും സാന്നിദ്ധ്യത്തിലായിരുന്നു മുഖ്യമന്ത്രിയെ ചേർത്തുള്ള ഈ അസഭ്യമെന്നും വൈശാഖ് പറയുന്നു.

തുടർന്ന് സിഐ താൻ ജോലിചെയ്യുന്ന റിസോർട്ടുടമയെ വിളിച്ച് തന്നെ പിരിച്ചുവിട്ടില്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വൈശാഖ് ആരോപിക്കുന്നു. പിന്നീട് കേസ് രജിസ്റ്റർ ചെയ്തതിനു ശേഷം തൻ്റെ സഹപ്രവർത്തകനായ ജ്യോതിഷ്, റിസോർട്ട് ഉടമയുടെ സുഹൃത്ത് എബി എന്നിവരുടെ ജാമ്യത്തിൽ തന്നെ പറഞ്ഞു വിടുകയായിരുന്നുവെന്നും വൈശാഖ് പറയുന്നു.

പിറ്റേദിവസം താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ ഉടമസ്ഥൻ്റെ ചികിത്സാർത്ഥം ഇടപ്പള്ളിയിലായിരുന്നുവെന്നും പുലർച്ചെ രണ്ടു മണിയോടു കൂടി അഞ്ചോളം ആളുകൾ താൻ ജോലി ചെയ്യുന്ന കടലോരം റിസോർട്ട് അതിക്രമിച്ചുകയറി തന്നെ അന്വേഷിക്കുകയും അവിടെയുണ്ടായിരുന്ന ജ്യോതിഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വൈശാഖ് ഇവാർത്തയോട് പറഞ്ഞു. “താൻ എവിടെയാണെന്നും എവിടെയുണ്ടെങ്കിലും പൊക്കുമെ“ന്നായിരുന്നു ഭീഷണി. തന്നെ അന്വേഷിച്ചു വന്നത് മുനമ്പം പോലീസ് സ്റ്റേഷനിലെ പോലീസുകാരോ അല്ലെങ്കിൽ അവർ ഏർപ്പാട് ചെയ്ത് ഗുണ്ടകളോ ആണെന്നാണ് വൈശാഖിൻ്റെ ആരോപണം.

എന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കറങ്ങിനടന്നതിനാണ് വൈശാഖിനെ കസ്റ്റഡിയിലെടുത്തതെന്നാണ് മുനമ്പം സ്റ്റേഷനിലെ ഉദ്യോഗസ്ഥ നൽകിയ വിശദീകരണം. അതിന് കസ്റ്റഡിയിലെടുക്കാൻ നിയമമുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും ലഭിച്ചില്ല. “വൈശാഖിന് പരാതിയുണ്ടെങ്കിൽ പരതിയുമായി മുന്നോട്ടുപോകട്ടെയെന്നും വിശദീകരണമൊന്നും നൽകാൻ തയ്യാറല്ലെന്നുമായിരുന്നു മുനമ്പം സിഐ ഇവാർത്തയോട് പ്രതികരിച്ചത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കസ്റ്റഡിയിലെടുത്തതായാണ് തനിക്ക് ലഭിച്ച വിവരമെന്നാണ് മുനമ്പം ഡിവൈഎസ്പി പ്രതികരിച്ചത്.

തനിക്ക് നേരേ ഉണ്ടായ അനീതിയ സംബന്ധിച്ച് താൻ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും എറണാകുളം റൂറൽ എസ്പിയ്ക്കും പരാതി നൽകിയതായി വൈശാഖ് ഇവാർത്തയോട് പറഞ്ഞു.