ഹിമാചലിലെ ധര്‍മ്മശാലയില്‍ പാകിസ്താൻ മൊബൈൽ നെറ്റ് വർക്ക് സിഗ്നൽ കണ്ടെത്തി

single-img
15 April 2021

ഹിമാചൽ പ്രദേശിലുള്ള കാൻഗ്ര ജില്ലയിലെ ധർമ്മശാലയിൽ പാകിസ്ഥാനിൽ നിന്ന് ഉത്ഭവിച്ച സെല്ലുലാർ നെറ്റ്‌വർക്ക് സിഗ്നലുകൾ കണ്ടെത്തി.കാൻഗ്ര ജില്ലാ ഭരണകൂടമാണ് ടെലി കമ്മ്യൂണിക്കേഷന് ഡിപ്പാർട്ട്മെന്റിന് ഇത് സംബന്ധിച്ച് വിവരം നൽകിയത്.

പ്രദേശത്തെ കരേരി തടകത്തിലെത്തിയ വിനോദ സഞ്ചാരികളാണ് പാകിസ്ഥാനിൽ നിന്നുള്ള സെല്ലുലാർ സിഗ്നലുകൾ കണ്ടെത്തിയത്.വളരെ ഉയരമുള്ള പ്രദേശമായതിനാൽ കുറച്ച് നേരത്തേയ്ക്ക് ഇവിടെ മൊബൈൽ സിഗ്നൽ ലഭിച്ചില്ല.ആ സമയമാണ് പാകിസ്താന്റെ മൊബൈൽ നെറ്റ് വർക്ക് ലഭിച്ചതെന്ന് സഞ്ചാരികൾ പറയുന്നു.

പാകിസ്ഥാനിൽ നിന്നുള്ള സിഗ്നലുകൾ ലഭിച്ച ഫോണുകളിൽ ഇന്ത്യൻ സ്റ്റാന്റേർഡ് ടൈം മാറി പാകിസ്താൻ സ്റ്റാന്റേർഡ് ടൈം ആവുകയും ചെയ്യുകയുണ്ടായി. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2900 മീറ്റർ ഉയരത്തിൽ നിൽക്കുന്ന കരേരി തടാകം ധർമ്മശാല ജില്ലാ ആസ്ഥാനത്തിൽ നിന്നും 26 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ധർമ്മശാലയും സമീപത്തുള്ള പാക് അതിർത്തിയും തമ്മിൽ 140 കിലോമീറ്റർ ദൂരമുണ്ട്. പക്ഷെ അന്താരാഷ്ട്ര നിയമപ്രകാരം അതിർത്തിയിൽ നിന്നും 500 മീറ്റർ ദൂരപരിധിയിൽ മാത്രമാണ് ഇരു രാജ്യങ്ങളുടെയും സിഗ്നൽ ലഭിക്കുക. ഇത്രയധികം ദൂരത്തിലിരിക്കുന്ന പ്രദേശത്ത് പാകിസ്താന്റെ സിഗ്നൽ എങ്ങനെ ലഭിച്ചു എന്നതിൽ വ്യക്തത വന്നിട്ടില്ല.

ഇന്ത്യ-പാക് അതിർത്തിയിൽ പാകിസ്ഥാൻ മൊബൈൽ ഫോൺ സിഗ്നലുകൾ കണ്ടെത്തുന്നത് തികച്ചും സാധാരണമാണെങ്കിലും, ധർമ്മശാലയിൽ പാകിസ്ഥാൻ സിഗ്നലുകൾ കണ്ടെത്തുന്നത് സാമൂഹിക വിരുദ്ധ ഘടകങ്ങൾ ദുരുപയോഗം ചെയ്യാമെന്നതിനാൽ ഭരണകൂടത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.