ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ വെടിവെയ്പ്പ്; 5 മരണം; ചാനല്‍ സംഘത്തിന്‍റെ കാര്‍ അടിച്ചു തകര്‍ത്തു

single-img
10 April 2021

പശ്ചിമ ബംഗാളില്‍ ഇന്ന് നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പിനെ പരക്കെ ആക്രമം. കൂച്ച് ബിഹാറിലുണ്ടായ വെടിവെയ്പില്‍ പതിനെട്ടുകാരന്‍ ഉള്‍പ്പടെ 5 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ തങ്ങളുടെ പ്രവര്‍ത്തകരാണെന്ന് അവകാശപ്പെട്ട് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. അതെ സമയം വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. സിതാള്‍ കുച്ചിയിലെ 126 ആം നമ്പര്‍ ബൂത്തിലാണ് വെടിവെയ്പ് നടന്നത്.

പ്രതിഷേധക്കാര്‍ക്ക് നേരെ സിഐഎസ്എഫ് വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് സൂചന. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായി. ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഗോവിന്ദ് നഗര്‍ ഏരിയയില്‍ നിന്നും ബോംബുകള്‍ കണ്ടെത്തി പൊലീസ് നിര്‍വീര്യമാക്കി. തിരഞ്ഞെടുപ്പിനെ ഹൂഗ്ലിയിലും വിവിധ ഭാഗങ്ങളില്‍ ആക്രമം നടന്നു. ബിജെപി നേതാവ് ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പടേയുള്ളവര്‍ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനം തടയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ആക്രമത്തില്‍ ലോക്കറ്റ് ചാറ്റര്‍ജിയുടെ വാഹനത്തന്‍റെ വിന്‍ഡോ ഗ്ലാസ് തകര്‍ന്നു.

കൂടാതെ മാധ്യമസംഘത്തിന് നേരേയും ഹൂഗ്ലിയില്‍ ആക്രമണം നടന്നു. ന്യൂസ് 18 ചാനല്‍ സംഘത്തിന്‍റെ വാഹനം തകര്‍ത്തു. അതേസമയം നാലാം ഘട്ടത്തില്‍ 11.05 മണിവരെ 16.65 ശതമാനം പോളിങാണ് ബംഗാളില്‍ നടന്നത്. 44 സീറ്റുകളിലേക്ക് നടക്കുന്ന നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാര്‍, അലിപൂര്‍ദുര്‍ ജില്ലകളിലും ദക്ഷിണ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി ജില്ലകളിലും വ്യാപിച്ചുകിടക്കുന്ന സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.