ആം ആദ്മി സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഷോർട്ട്ഫിലിം മത്സരവുമായി ബിജെപി; മികച്ച സന്ദേശം നല്‍കുന്ന വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം

single-img
10 April 2021

ഡല്‍ഹി ആം ആദ്മി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ കടുത്ത പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി ഡല്‍ഹി പ്രസിഡന്റ് ആദേശ് ഗുപ്ത. പുതിയ മദ്യനയത്തിനെതിരെ മികച്ച സന്ദേശം ഉള്‍ക്കൊള്ളുന്ന വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്നുംആദേശ് പറഞ്ഞു. 

ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ മത്സരം നടത്തുമെന്നും മികച്ച സന്ദേശം നല്‍കുന്ന വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ ബിജെപി സമ്മാനമായി നല്‍കുമെന്നും ആദേശ് ഗുപ്ത അറിയിച്ചു. ശനിയാഴ്ച ആരംഭിച്ച് ഏപ്രില്‍ 27 വരെ നീളുന്ന ബോധവത്ക്കരണപരിപാടി സംഘടിപ്പിക്കുമെന്നും ശേഷിക്കുന്ന പ്രതിഷേധ പരിപാടികള്‍ മേയ് മാസത്തില്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതിഷേധ സൂചകമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പോസ്റ്റ് കാര്‍ഡുകളയക്കാന്‍ ജനങ്ങളോടാവശ്യപ്പെടുമെന്നും ഗുപ്ത പറഞ്ഞു. ഇത്തരത്തില്‍ ഒരു ലക്ഷം പ്രതിഷേധ പോസ്റ്റ് കാര്‍ഡുകള്‍ മുഖ്യമന്ത്രിക്കയക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഗുപ്ത കൂട്ടിച്ചേര്‍ത്തു. കൊണോട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ മേയ് 27 ന് നടത്തുന്ന പ്രത്യേക പൂജയും പ്രതിഷേധപരിപാടിയിലുള്‍പ്പെടുന്നതായി ഗുപ്ത അറിയിച്ചു. 

മദ്യപിക്കാനുള്ള പ്രായപരിധി 25 ല്‍ നിന്ന് 21 ആക്കി കുറച്ചതും മദ്യശാലകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചതും കൂടുതല്‍ മദ്യവില്‍പന കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കിയതും ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ പെടുന്നു. പുതിയ മദ്യനയത്തിലൂടെ വരുമാനം വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കെജ് രിവാള്‍ സര്‍ക്കാര്‍. എക്‌സൈസ് നികുതിയിനത്തില്‍ 2000 കോടി രൂപയെങ്കിലും സര്‍ക്കാരിന് അധികവരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.