ജോലി തേടിയെത്തിയ മലയാളി നഴ്സിന് മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം; മലയാളി അറസ്റ്റിൽ

single-img
19 March 2021

ഡല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ജോലി തേടിയെത്തിയ മലയാളി നഴ്സിനെ മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്ത മലയാളി അറസ്റ്റിൽ. ഫെബ്രുവരി ആറിനാണു സംഭവം നടന്നത്. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടി പരാതി നൽകിയതോടെ യുവാവിനെ അറസ്റ്റു ചെയ്തു.

ജോലി തേടിയെത്തിയ യുവതിയോട് ആവശ്യമായ സഹായം നൽകാമെന്ന് ഇരയായ പെൺകുട്ടിയുടെ സുഹൃത്തിന്റെ സുഹൃത്തായ പ്രതി ഉറപ്പുപറഞ്ഞിരുന്നു. തന്റെ വീട്ടിൽ വച്ച് ഫെബ്രുവരി ആറിന് ഒരു ഇന്റർവ്യൂ നടക്കുന്നതായി പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ വീട്ടിലെത്തിച്ചത്. പെൺകുട്ടി ഇതിൽ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തു‍ടർന്ന് വീട്ടിലെത്തിയപ്പോൾ ഇവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവർ ജോലിക്കു പോയതാണെന്നും ഉടൻ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞു.

ഇയാൾ നൽകിയ ജ്യൂസ് കുടിച്ചയുടൻ പെൺകുട്ടി ബോധരഹിതയാകുകയായിരുന്നു. രാത്രിയോടെയാണ് പിന്നീട് ഇവർക്ക് ബോധം വരുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ബലാൽസംഗത്തിനിരയായ വിവരം പെൺകുട്ടി അറിയുന്നത്. പിന്നീട് പെൺകുട്ടി അവിടെനിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

യുവതി പരാതി നൽകാൻ വൈകിയതിന്റെ കാരണം വ്യക്തമല്ല. പരാതി ലഭിച്ചയുടൻ പൊലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.