മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറഞ്ഞാല്‍ ജാമ്യത്തിന് സഹായിക്കാമെന്നു പറഞ്ഞു; ഇഡിക്കെതിരെ സന്ദീപ് നായരുടെ കത്ത് ജഡ്ജിക്ക്

single-img
12 March 2021

ജില്ലാ ജഡ്ജിക്ക് സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ കത്ത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്നും മന്ത്രിമാരുടെയും ഒരു ഉന്നതന്റെയും പേര് പറഞ്ഞാല്‍ ജാമ്യം കിട്ടാന്‍ സഹായിക്കാമെന്നും പറഞ്ഞതായാണ് കത്ത്. സ്വര്‍ണക്കടത്തിലെ പണനിക്ഷേപം അന്വേഷിച്ചില്ലെന്നും ഇല്ലാക്കഥകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും കത്തിലുണ്ട്.

സ്വപ്ന സുരേഷ്, പി.എസ്. സരിത്, കെ.ടി. റമീസ്, യുഎഇയിൽ നിന്നെത്തിച്ച റബിൻസ് ഹമീദ് എന്നിവരടക്കം 20 പ്രതികൾക്കെതിരെയാണു സ്വർണക്കടത്തു കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. നാലാം പ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയിരുന്നു.

കസ്റ്റംസും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതി ചേർത്ത എം. ശിവശങ്കറെ എൻഐഎ പ്രതിയാക്കിയിട്ടില്ല. റബിൻസിന്റെ കൂട്ടാളി ഫൈസൽ ഫരീദിനെ അറസ്റ്റ് ചെയ്ത് യുഎഇയിൽനിന്നു നാട്ടിലെത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രാരംഭ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.

സ്വർണക്കടത്തിനായി 2019 ജൂൺ മുതൽ ഗൂഢാലോചന നടന്നതായും നവംബർ മുതൽ 2020 ജൂൺ വരെ 167 കിലോഗ്രാം സ്വർണം കടത്തിയതായും എൻഐഎ ചൂണ്ടിക്കാട്ടുന്നു. പിടിക്കപ്പെടാതിരുന്നതോടെ മറ്റു 3 രാജ്യങ്ങളിൽനിന്നു കൂടി സ്വർണക്കടത്തിനു ശ്രമം തുടങ്ങി. ഇതിനിടെയാണു കഴിഞ്ഞ ജൂൺ 30നു തിരുവനന്തപുരത്ത് സ്വർണം അടങ്ങിയ നയതന്ത്ര പാഴ്സൽ കസ്റ്റംസ് പിടികൂടിയത്.