ട്വന്റി 20: ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റിന്റെ അനായാസവിജയം

single-img
12 March 2021

ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ അനായാസവിജയം ടി20യിലെ ലോകനമ്പര്‍ വണ്‍ ടീം കൂടിയായ ഇംഗ്ലണ്ട് സ്വന്തമാക്കി. ഇന്നത്തെ ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തുകയും ചെയ്തു. ടോസ് നഷ്ടമായി ബാറ്റിങിനയക്കപ്പെട്ട ഇന്ത്യയെ ഏഴു വിക്കറ്റിന് 124 റണ്‍സിലൊതുക്കാൻ ഇംഗ്ലണ്ട് വിജയിച്ചു.

തുടർന്നുള്ള കളിയിൽ ജാണ്‍ റോയിയുടെ (48) വെടിക്കെട്ട് ഇന്നിങ്‌സ് ഇംഗ്ലണ്ടിനെ ബോളുകള്‍ ശേഷിക്കെ രണ്ടു വിക്കറ്റിന് ലക്ഷ്യത്തിലെത്തിച്ചു. ജോസ് ബട്‌ലറാണ് (28) പുറത്തായ മറ്റൊരു ബാറ്റ്‌സ്മാന്‍. ജോണ്‍ ബെയര്‍സ്‌റ്റോ (26*), ഡേവിഡ് മലാന്‍ (24) എന്നിവര്‍ ചേര്‍ന്നു ജയം പൂര്‍ത്തിയാക്കി.

32 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് റോയ് ടീമിന്റെ ടോ്പ്‌സ്‌കോററായത്. സ്‌കോര്‍: ഇന്ത്യ ഏഴു വിക്കറ്റിന് 124. ഇംഗ്ലണ്ട് 15.3 ഓവറില്‍ രണ്ടിന് 130. ഓപ്പണിങ് വിക്കറ്റില്‍ ബട്‌ലര്‍-റോയ് സഖ്യം 7.6 ഓവറില്‍ 76 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ കളി ഇന്ത്യയുടെ കൈയില്‍ നിന്നും വിട്ടിരുന്നു.

ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ റൺസ് കണ്ടെത്താൻ പാടുപെട്ട പിച്ചില്‍ വളരെ അനായാസമായിരുന്നു റോയ്, ബട്‌ലര്‍ എന്നിവരടക്കമുള്ള താരങ്ങൾ സ്‌കോര്‍ ചെയ്തത്. ഇന്ത്യയ്ക്കായി വേണ്ടി യുസ്വേന്ദ്ര ചഹലും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതമെടുത്തു.

കളിയുടെ തുടക്കത്തിൽ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സാണ് ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ശ്രേയസ് (67) പൊരുതിനേടിയ ഫിഫ്റ്റിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 124 റണ്‍സ് നേടുകയായിരുന്നു. റിഷഭ് പന്ത് (21), ഹാര്‍ദിക് പാണ്ഡ്യ (19) എന്നിവരാണ് ശ്രേയസിനെക്കൂടാതെ ഇന്ത്യന്‍ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയ മറ്റു താരങ്ങള്‍. ശിഖര്‍ ധവാന്‍ (4), കെഎല്‍ രാഹുല്‍ (1), നായകന്‍ വിരാട് കോലി (0), ശര്‍ദ്ദുല്‍ ഠാക്കൂര്‍ (0) എന്നിവരെല്ലാം ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തി.