പതിനായിരങ്ങളെ അണിനിരത്തി കൂറ്റന്‍ റാലിയുമായി ബംഗാളില്‍ സിപിഎം – കോണ്‍ഗ്രസ് സഖ്യം

single-img
28 February 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്പതിനായിരങ്ങളെ അണിനിരത്തി കൂറ്റന്‍ റാലിയോടെ തുടക്കമിട്ട് സിപിഎം-കോണ്‍ഗ്രസ് സഖ്യം. അബ്ബാസ് സിദ്ദിഖി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയും റാലിയില്‍ പങ്കെടുത്തു. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പരിപാടി സംഘടിപ്പിച്ചത്.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇടതുപക്ഷം വലിയ ശക്തിയാകുമെന്ന് തെളിയിക്കുകയാണ് റാലിയിലൂടെ സിപിഎം ലക്ഷ്യം വെക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. അതേസമയം, പരിപാടിയില്‍ എത്താന്‍ സാധിക്കാത്തത് കനത്ത വേദനയാണെന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ പ്രതികരിച്ചു.

ബംഗാളില്‍ മമതാ ബാനര്‍ജി തന്റെ ഭരണത്തിലൂടെ ജനാധിപത്യം ഇല്ലാതാക്കിയെന്നും ബിജെപിയുടെ ബി ടീമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും അബ്ബാസ് സിദ്ദീഖി ആരോപിച്ചു. ഇക്കുറി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കോണ്‍ഗ്രസും സിപിഎമ്മും നേതൃത്വം നല്‍കുന്ന മതേതര ചേരി തൃണമൂലിനെയും ബിജെപിയെയും തോല്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.