പ്രീപോള്‍ സര്‍വേഫലങ്ങള്‍: പുതു തന്ത്രങ്ങള്‍ മെനഞ്ഞു കോൺഗ്രസ്സ്; ശശി തരൂർ സംസ്ഥാന രാഷ്ട്രീയത്തിലേക്കോ..?

single-img
24 February 2021

തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രീ പോൾ സർവേകളിൽ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണതുടര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കിയപ്പോൾ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ശശി തരൂരിന് ലഭിച്ച ജനപ്രീതി വോട്ടാക്കി മാറ്റാൻ കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നതായി സൂചനകൾ. ഉമ്മൻചാണ്ടി കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും യു.ഡി.എഫിൽ നിന്ന് നിർദ്ദേശിച്ചത് തരൂരിനെയാണ്. കോൺഗ്രസ് ഹൈക്കമാൻഡിനും തരൂരിൽ താത്‌പര്യം ഉണ്ട്. പ്രീപോള്‍ സര്‍വേഫലങ്ങള്‍ പുറത്തു വന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ശശി തരൂര്‍ ഉള്‍പ്പെടെയുള്ള ഏറെ ജനപ്രീതിയുള്ള നേതാക്കളെ സംസ്ഥാനത്ത് മത്സരിപ്പിക്കുന്നതും മുഖ്യമന്ത്രിയാക്കുന്നതും അടക്കമുള്ള ഫോര്‍മുല തേടുന്നത്. യു.ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ . ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് രംഗത്തു വരാന്‍ സാധ്യതയേറെയാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരിന്റെ പേര് ഉയരുന്നത്. ഇക്കാര്യത്തിന് ദേശീയ നേതൃത്വത്തിന്റെകൂടി പിന്തുണയുണ്ട്.

തിരുവനന്തപുരത്ത് കോൺഗ്രസ്സിന് മേല്‍ക്കൈ നഷ്ടമായ നേമത്തോ വട്ടിയൂര്‍കാവിലോ മത്സരിപ്പിച്ച് ഈ മണ്ഡലത്തിലെ തിരിച്ചു പിടിക്കാനാണ് ആലോചന. വട്ടിയൂര്‍കാവ് സിപിഎമ്മിന്റെ കയ്യിലും നേമം ബിജെപിയുടെ കയ്യിലുമാണ് ഇപ്പോഴുള്ളത്. നേരത്തേ നേമത്ത് ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു എങ്കിലും തീരുമാനം മാറ്റി. പുതുപ്പള്ളി വിട്ടുളള മത്സരത്തിന് എ ഗ്രൂപ്പ് കലാപക്കൊടി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം മാറ്റിയത്. എന്നാല്‍ സംസ്ഥാനത്തെ നേതാക്കളെക്കാള്‍ ജനപ്രിയതയുള്ള ശശി തരൂര്‍ നേമത്ത് മത്സരിക്കുന്നത് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എംപിയായ ശശി തരൂര്‍ അപ്രതീക്ഷിതമായി സംസ്ഥാന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വന്നത് അടുത്തിടെ ഒരു ചാനല്‍ നടത്തിയ പ്രീപോള്‍ സര്‍വേയോടെയാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ സര്‍വേയില്‍ ഏറ്റവും മുന്നില്‍ എത്തിയത് ഉമ്മന്‍ചാണ്ടിയായിരുന്നു. തൊട്ടുപിന്നാലെ രണ്ടാമത് എത്തിയത് ശശി തരൂരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാമതായി പോയി. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്നിട്ട് കൂടി തരൂരിന് രമേശ് ചെന്നിത്തലയുടെ മുകളില്‍ ജനപ്രീതി കിട്ടിയത് കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നുണ്ട്. വെറും ആറ് ശതമാനം മാത്രമായിരുന്നു രമേശിന് കിട്ടിയ പിന്തുണ. ഇതോടെ തരൂരിനെ ഇറക്കാന്‍ പാര്‍ട്ടിക്കുള്ളിലും ആവശ്യം ഉയര്‍ന്നു.

കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എ.ഐ.സി.സി നടത്തിയ രഹസ്യസ‍ർവേയിൽ പല കോണ്‍ഗ്രസ് നേതാക്കളെക്കാൾ വോട്ട് വീണതും തരൂരിനാണ്. തരൂരിലൂടെ യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് പ്രകടനപത്രിക തയ്യാറാക്കലിന്റെ ചുമതല ഹൈക്കമാന്‍ഡ് ഇടപെട്ട് ശശി തരൂരിന് നല്‍കിയത്. സംസ്ഥാനത്തുടനീളം നടത്തിയ ടോക്ക് ടു തരൂർ -പത്രിക ചർച്ചകളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. തരൂരിനെ നേമത്തോ വട്ടിയൂർക്കാവോ മത്സരിപ്പിക്കണമെന്ന നിർദ്ദേശവും ഉയർന്നുവന്നിട്ടുണ്ട്..

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് സമിതിയില്‍ ഇല്ലാതിരുന്ന തരൂരിനെ ഉള്‍പ്പെടുത്തിയത്. മണ്ഡലത്തില്‍ ആദ്യം മുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടിയേയും ജനപ്രീതിയില്‍ പിന്നിലാക്കുമായിരുന്നോ എന്ന് എ ഗ്രൂപ്പിന് ആശങ്കപ്പെടുന്നുണ്ട്. ഗ്രൂപ്പ് പോരില്ല എന്നത് അദ്ദേഹത്തിന് യുവാക്കള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനവും കിട്ടുന്നു. ഗ്രൂപ്പ് പോര് ശക്തമായ കേരളത്തിലെ കോണ്‍ഗ്രസില്‍ തരൂരിന്റെ പേര് സര്‍വേയില്‍ മുന്നിലെത്തിയത് ഏറെ സന്തോഷിപ്പിക്കുന്നത് എ ഗ്രൂപ്പിനെയാണ്. മുഖ്യമന്ത്രി പദത്തിലേക്ക് രമേശിനെ ഒഴിവാക്കാന്‍ തരൂരിന്റെ ജനപ്രീതിയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ശശി തരൂരിനെ സംസ്ഥാന തലത്തിലേക്ക് കൊണ്ടുവരുന്നത് പരോക്ഷമായി രാഹുല്‍ഗാന്ധിക്കും ഗുണകരമാകും. പൂര്‍ണ്ണഅദ്ധ്യക്ഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിക്കെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച സീനിയര്‍ ദേശീയ നേതാക്കളില്‍ ഒരാളാണ് തരൂര്‍.