ട്രംപിന്റെ ഉടമസ്ഥതയിലുളള കൂറ്റൻ ഹോട്ടൽ തകർക്കാനെടുത്തത് 20 സെക്കൻഡ്; ഉപയോഗിച്ചത് 3,000 ഡൈനാമിറ്റുകൾ

single-img
18 February 2021

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുളള കൂറ്റൻ ഹോട്ടലും കാസിനോയും തകർക്കാനെടുത്തത് വെറും 20 സെക്കൻഡ്. ആകെ 34 നിലകളുളള ഹോട്ടൽ തകർക്കാൻ അതിശക്ത സ്ഫോടനശേഷിയുളള 3,000 ഡൈനാമിറ്റുകളാണ് ഉപയോഗിച്ചത്.കൃത്യമായ ഇടവേളകളിൽ ഡൈനാമിറ്റുകൾ ഒന്നൊന്നായി പൊട്ടിയപ്പോൾ ന്യൂജേഴ്സിലെ അറ്റ്‌ലാന്റിക് സിറ്റിയിൽ തലയുയർത്തിനിന്നിരുന്ന കെട്ടിടം നിമിഷനേരംകൊണ്ട് വെറും കോൺക്രീറ്റ് കൂനയായി.

വിദൂര നിയന്ത്രണ സംവിധാനത്തിലൂടെയായിരുന്നു സ്ഫോടനം നടത്തിയത്. നൂറുകണക്കിന് പേരാണ് ഇത് കാണാനായി എത്തിയത്. 1984ലാണ് ഹോട്ടലും കാസിനാേയും ആരംഭിക്കുന്നത്. എന്നാല്‍ കാലം മാറിയതോടെ ഹോട്ടലിന്റെ പകിട്ടും കുറഞ്ഞു. ആളുകള്‍ പതിയെ ഹോട്ടലിനെ ഉപേക്ഷിച്ചു.

2009 ആയപ്പോൾ ട്രംപ് കാസിനോയുമായുളള ബന്ധം ഉപേക്ഷിച്ചു. 2014ൽ ഹോട്ടൽ പൂട്ടി.പിന്നീട് കെട്ടിടത്തിന് ഇടയ്ക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചുതുടങ്ങി. ചില ഭാഗങ്ങൾ തകരാനും തുടങ്ങി ഇതോടുകൂടിയാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. അവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.