കർഷക റാലിയിലെ സംഘർഷം; ദീപ് സിദ്ദുവിനെ പിടികൂടിയാൽ ഒരു ലക്ഷം രൂപ പാരിതോഷികം

single-img
3 February 2021

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ് . ഒരു ലക്ഷം രൂപയാണ് ഡല്‍ഹി പോലീസ് പാരിതോഷികം പ്രഖ്യാപിച്ചത്. ജഗ്ബിര്‍ സിങ്, ബൂട്ടാ സിങ്, സുഖ്ദേവ് സിങ്, ഇഖ്ബാല്‍ സിങ് എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50000 രൂപ നല്‍കുമെന്നും പോലീസ് അറിയിച്ചു.

ചെങ്കോട്ട ആക്രമണത്തിലെ യഥാർഥ പ്രതികളെ പിടികൂടുന്നില്ലെന്ന പ്രതിഷേധം ഉയരവേയാണ് പാരിതോഷിക പ്രഖ്യാപനം. റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയ ദീപ് സിദ്ദു ബിജെപിക്കാരനാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചിരുന്നു. പിന്നാലെ ദീപ് സിദ്ദു നരേന്ദ്ര മോദിക്കും അമിത് ഷാക്കും ഒപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നു.