വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ പിടിച്ചാൽ ബാലലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദവിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി

single-img
27 January 2021
Supreme Court Bombay High Court judgment  POCSO case

ചർമത്തിൽ തൊടാതെ വസ്ത്രത്തിന് മുകളിലൂടെ ഒരു കുട്ടിയുടെ ദേഹത്ത് മോശം രീതിയിൽ സ്പർശിച്ചാൽ അത് ബാലലൈംഗികപീഡന(Sexual Assault under POCSO) ത്തിൻ്റെ പരിധിയിൽ വരില്ലെന്ന പരാമർശമടങ്ങിയ ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി സുപ്രീംകോടതി(Supreme Court) സ്റ്റേ ചെയ്തു. മൂന്ന് വനിതാ അഭിഭാഷകർ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷൻ പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗണേധിവാലയുടെ സിംഗിൾ ബെഞ്ചിൻ്റെ വിധിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേ ചെയ്തത്.

തൊലിപ്പുറത്ത് തൊടാതെയുള്ള ലൈംഗികാതിക്രമത്തിൽ പോക്സോ ചുമത്താനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ചിന്‍റെ പരാമർശത്തിനെതിരായ ഹർജിയെ അറ്റോർണി ജനറൽ കെ കെ വേണുഗോപാലും പിന്തുണച്ചു. ഇത് അപകടകരമായ ഒരു കീഴ്‍വഴക്കം ഉണ്ടാക്കിയേക്കാമെന്നും, അടിയന്തരമായി നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കെ കെ വേണുഗോപാൽ പറഞ്ഞു. കൃത്യമായ ഒരു ഹർജി തയ്യാറാക്കി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് അറ്റോർണി ജനറലിനോട് നിർദേശിച്ചു. പ്രതിയെ കുറ്റവിമുക്തനാക്കിയ വിധി സ്റ്റേ ചെയ്ത കോടതി, അടിയന്തരമായി ശിക്ഷാവിധി പുനഃസ്ഥാപിക്കുകയും രണ്ടാഴ്ചക്കകം പ്രതിയോട് തിരികെ ജയിലിൽ ഹാജരാകാൻ നിർദേശിക്കുകയും ചെയ്തു. 

31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയെ പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബഞ്ച് ഞെട്ടിക്കുന്ന ഈ പരാമർശം നടത്തിയത്. പ്രതിയെ പോക്സോ കേസ് ചുമത്താതെ, ലൈംഗികാതിക്രമം എന്ന താരതമ്യേന കുറഞ്ഞ വകുപ്പ് ചുമത്തി ഒരു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഇതേ കേസിൽ പോക്സോ ചുമത്തിയിരുന്നെങ്കിൽ പ്രതിക്ക് കുറഞ്ഞത് 3 വർഷത്തെ തടവുശിക്ഷയ്ക്ക് സാധ്യതയുണ്ടായിരുന്നതാണ്.  പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചതാണ് കേസ്. പെൺകുട്ടി അമ്മയോട് വിവരങ്ങൾ പറഞ്ഞതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്യാനായത്. ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് ഈ സംഭവത്തിൽ പോക്സോ കേസ് നിലനിൽക്കില്ലെന്ന വിചിത്രമായ പരാമർശമാണ് നടത്തിയത്. പോക്സോ ചുമത്തണമെങ്കിൽ പ്രതി വസ്ത്രത്തിനുള്ളിലൂടെ സ്പർശിക്കണമായിരുന്നു. പ്രതി മാറിടത്തിൽ പിടിച്ചെന്ന് പറയുന്നത് വസ്ത്രത്തിന് പുറത്ത് കൂടിയാണ്. ഇത് ലൈംഗികാതിക്രമമല്ല. ശരീരത്തിൽ നേരിട്ട് സ്പർശിക്കാത്ത പക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് മാത്രം ചുമത്താം എന്നായിരുന്നു കേസിൽ കോടതിയുടെ  വിധിന്യായം. പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ വസ്ത്രത്തിന്‍റെ മറയില്ലാതെ തൊടുകയോ പ്രതിയുടെ ലൈംഗികാവയവത്തിൽ തൊടുവിക്കുകയോ ചെയ്താൽ മാത്രമേ പോക്സോ ചുമത്താനാകൂ എന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേധിവാല പോക്സോ നിയമത്തിലെ അനുബന്ധ വകുപ്പിന്‍റെ നിർവചനത്തെ വ്യാഖ്യാനിച്ചത്. 

രാജ്യത്തെ ഭാവി ലൈംഗിക അതിക്രമ കേസുകളുടെ വിചാരണകളെ നിർണായകമായി ബാധിക്കാനിടയുണ്ടായിരുന്ന ഈ ഒരു ഞെട്ടിക്കുന്ന നിരീക്ഷണത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഇപ്പോൾ യൂത്ത് ബാർ അസോസിയേഷനിലെ വനിതാ അഭിഭാഷകർ സ്‌പെഷ്യൽ ലീവ് പെറ്റിഷൻ സമർപ്പിച്ചത്. ജസ്റ്റിസ് പുഷ്പ ഗണേധിവാല നടത്തിയ ഈ അനവസരത്തിലുള്ള, അനാവശ്യമായ നിരീക്ഷണം ഭാവി കേസുകളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും അത് സ്ത്രീസുരക്ഷയ്ക്ക് എതിരുനിൽക്കുന്നതാണ് എന്നും ഹർജിയിൽ പറയുന്നു. ജസ്റ്റിസ് പുഷ്പ ഗണേധിവാല തന്‍റെ വിധിന്യായത്തിന്റെ പന്ത്രണ്ടാം ഖണ്ഡികയിൽ ഇരയുടെ പേര് എടുത്തെഴുതിയതിലൂടെ നടത്തിയിരിക്കുന്നത് ഐപിസി 228 A വകുപ്പിന്റെ നഗ്നമായ ലംഘനമാണ് എന്നുകൂടി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അഡ്വ. മഞ്ജു ജെറ്റ്ലി, അഡ്വ. സംപ്രീത് സിംഗ് അജ്മാനി എന്നിവർ ചേർന്ന് ഹർജി നൽകിയത്. 

Supreme Court stays Bombay High Court judgment which ruled skin-to-skin contact necessary for offence of ‘sexual assault’ under POCSO