എട്ടുലക്ഷം തൊഴിലവസരങ്ങൾ; റബ്ബറിൻ്റെ താങ്ങുവില 170 ആക്കും; ക്ഷേമപെൻഷൻ 1600: ബജറ്റ് അവതരണം തുടങ്ങി

single-img
15 January 2021
thomas isaac kerala budget 2021

ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസക്കിൻ്റെ ബജറ്റ് അവതരണം. സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ 1600 രൂപയാക്കുക, എട്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, റബ്ബർ, നാളികേരം, നെല്ല് തുടങ്ങിയ കാർഷിക വിളകളുടെ താങ്ങുവില വർദ്ധിപ്പിക്കുക തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളത്.

ക്ഷേമപെൻഷൻ വർദ്ധനവ്

എല്ലാ ക്ഷേമ പെൻഷനുകളും 100 രൂപ വർധിപ്പിച്ച് 1600 രൂപയാക്കി. ഏപ്രിൽ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ക്ഷേമ പെൻഷൻ 1500 രൂപ ആക്കിയിരുന്നത്. ഇതാണ് ഈ ബജറ്റിൽ വീണ്ടും വർധിപ്പിച്ചത്. 

എട്ടുലക്ഷം തൊഴിലവസരങ്ങൾ

സംസ്ഥാനത്ത് എട്ടുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിൽ അഞ്ചുലക്ഷം അഭ്യസ്തവിദ്യർക്കും മൂന്നുലക്ഷം തൊഴിലവസരങ്ങൾ മറ്റുള്ളവർക്കുമായിരിക്കും. ആരോഗ്യവകുപ്പിൽ 4000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കും.
ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ 20 ലക്ഷം പേർക്ക് 5 വർഷത്തിൽ തൊഴിൽ
കെ ഡിസ്ക് പ്ലാറ്റ്ഫോം വഴി ഡിജിറ്റൽ രംഗത്ത് തൊഴിൽ നൽകുന്നു
50 ലക്ഷം അഭ്യസ്ത വിദ്യർക്ക് കെ ഡിസ്ക് വഴി പരിശീലനം നൽകും.

താങ്ങുവില വർദ്ധനവ്

കേരളത്തിലെ പ്രധാന നാണ്യവിളയായ റബ്ബറിൻ്റെ താങ്ങുവില 170 രൂപയാക്കി ഉയർത്തി. നെല്ലിൻ്റെ താങ്ങുവില 28 രൂപയാക്കി ഉയർത്തി. നാളികേരത്തിൻ്റെ സംഭരണവില 27 രൂപയിൽ നിന്നും 32 രൂപയാക്കി ഉയർത്തി.

കോവിഡാനന്തര കേരളത്തിന് ഉണർവ്വേകുന്ന ബജറ്റാണിതെന്ന് ധനമന്ത്രി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. നികുതി വർദ്ധനവ് ഉണ്ടാകില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് 1000 കോടി അധികമായി അനുവദിക്കും. 15000 കോടിയുടെ കിഫ്‌ബി പദ്ധതികൾ നടപ്പ് സാമ്പത്തിക വ‍ർഷത്തിൽ തന്നെ പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Content: Kerala Budget 2021