ഗാന്ധിപ്രതിമയ്ക്ക് മുകളിൽ ബിജെപി പതാക ചുറ്റിയയാൾ മാനസികരോഗിയെന്ന് പൊലീസ്

single-img
13 January 2021
palakkad gandhi statue bjp flag

പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമക്ക് മുകളിൽ ബിജെപിയുടെ പതാക ചുറ്റിയയാൾ മാനസികരോഗിയെന്ന് പൊലീസ്. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്.

ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരാൾ നഗരസഭയിലെ മതില്‍ ചാടി കടന്ന് കോണി വഴി ഗാന്ധി പ്രതിമയുടെ മുകളിൽ കയറി ബിജെപി പതാക(BJP flag) പ്രതിമയില്‍ കെട്ടിവെച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബ.ജെപിയുടെ കൊടി കെട്ടിയത്. താഴെ ഇറങ്ങിയതിനു ശേഷം അല്‍പ്പ സമയം ചെലവിട്ട ശേഷമാണ് കൊടി കെട്ടിയയാൾ നഗരസഭ വളപ്പില്‍ നിന്നും പോകുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാനിയമം 153 എ വകുപ്പ് (ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തൽ) പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അറസ്റ്റിലായ ബിനീഷ് മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് ബോധ്യപ്പെട്ടതായി പാലക്കാട് ടൌൺ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മുനീർ ഇവാർത്തയോട് പറഞ്ഞു.

നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് പ്രതിമയിൽ ബിജെപിയുടെ കൊടി കണ്ടെത്തിയത്.തുടർന്ന് യുഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. രണ്ടാം ശനിയാഴ്ച്ച രാവിലെയാണ് കൊടി കെട്ടിയതെന്ന് നഗരസഭയിലെ സിസിടിവിയിലെ സമയം തെളിയിക്കുന്നു. രണ്ട് ദിവസം ഗാന്ധി പ്രതിമ ബി.ജെ.പി പതാകയും ഏന്തി നില്‍ക്കുകയായിരുന്നു.

ഇതോടെ പോലീസ് എത്തിയാണ് പ്രതിമയിൽ നിന്ന് പതാക നീക്കം ചെയ്തത്.ഡിവൈഎഫ്ഐയും കെഎസ് യുവും സംഭവത്തിൽ പ്രതിഷേധം നടത്തിയിരുന്നു.

Content: Palakkad: Person who tied BJP flag on the Gandhi statue is mentally abnormal, says police