മോദിയുടെ മൻ കി ബാത്തിനിടെ പാത്രം കൊട്ടി കർഷകരുടെ പ്രതിഷേധം

single-img
27 December 2020

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi)യുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തി(Mann Ki Baat)നിടെ പാത്രം കൊട്ടി പ്രതിഷേധിച്ച് ഡൽഹിയിൽ സമരം ചെയ്യുന്ന കര്‍ഷകര്‍. ഉച്ചത്തില്‍ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ് കാർഷിക നിയമത്തിനെതിരെ ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ പ്രതിഷേധിച്ചത്.

പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കീ ബാത്തിന്റെ വേളയില്‍ പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ കര്‍ഷകരെ പിന്തുണക്കുന്ന എല്ലാവരോടും കര്‍ഷകര്‍ അഭ്യര്‍ഥിച്ചിരുന്നു. `കോവിഡ് പോരാളികള്‍ക്ക് പാത്രം കൊട്ടി ആദരവ് പ്രകടിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. പാത്രം കൊട്ടല്‍ തന്നെ പ്രധാനമന്ത്രിക്കെതിരായ സമരരീതിയാക്കുകയാണ് കര്‍ഷക നിയമത്തിനെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍. സ്വന്തം മനസിലുള്ളത് പറയുകയല്ല, മറ്റുള്ളവര്‍ പറയുന്നതാണ് പ്രധാനമന്ത്രി കേള്‍ക്കേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു. 

കേന്ദ്രവുമായുള്ള അടുത്ത ചര്‍ച്ചയില്‍ തീരുമാനമില്ലെങ്കില്‍ രൂക്ഷമായ സമരത്തിനൊരുങ്ങുകയാണ് കര്‍ഷകസംഘടനകള്‍. ഇതിനായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍നിന്ന് പുറപ്പെട്ടിട്ടുണ്ട്. സാംഗ്രൂര്‍, അമൃത്സര്‍, തണ്‍ തരണ്‍, ഗുരുദാസ്പുര്‍, ഭട്ടിന്‍ഡ ജില്ലകളില്‍ നിന്നുള്ളവരാണ് ശനിയാഴ്ച ട്രാക്ടറുകളില്‍ ഡല്‍ഹിക്കു പുറപ്പെട്ടത്.

കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ 30-ന് കുണ്ട്ലി-മനേസര്‍-പല്‍വല്‍ ദേശീയപാതയില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷകനേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവത്സരം കര്‍ഷകര്‍ക്കൊപ്പം ആഘോഷിക്കാനും നേതാക്കള്‍ അഭ്യര്‍ഥിച്ചു. പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ ദേശീയപാതകളില്‍ ടോളുകള്‍ ബലം പ്രയോഗിച്ചു തുറക്കുന്ന ഇപ്പോഴത്തെ സമരം ഞായറാഴ്ചയ്ക്കുശേഷവും തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

Content: Protesting Farmers Clang Thalis As PM Addresses “Mann Ki Baat”