ജെഡിയു എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു; ബിജെപി – ജെഡിയു സഖ്യത്തില്‍ വിള്ളല്‍

single-img
27 December 2020

അരുണാചലില്‍ പാര്‍ട്ടി എംഎല്‍എമാരെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ച നീക്കത്തിനെതിരെ ജെഡിയു രംഗത്ത്. സഖ്യ കക്ഷി രാഷ്ട്രീയത്തില്‍ ഇത് നല്ല സൂചനയല്ലെന്ന് ജനതാദള്‍ യുണൈറ്റഡ് നേതാവ് കെസി ത്യാഗി പ്രതികരിച്ചു. തങ്ങളുടെ ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ അസംതൃപ്തരാണെന്നും സഖ്യരാഷ്ട്രീയത്തില്‍ ഇത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജെഡിയു അധ്യക്ഷ സ്ഥാനത്ത് നിന്ന് നിതീഷ് കുമാര്‍ ഒഴിഞ്ഞു. പകരം രാമചന്ദ്രപ്രസാദ് സിംഗ് ആണ് പുതിയ അധ്യക്ഷന്‍.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകള്‍ നേടിയതോടെ അരുണാചലില്‍ സംസ്ഥാന പാര്‍ട്ടി എന്ന പദവി ജെഡിയുവിനുണ്ടായിരുന്നു.എന്നാൽ ഇപ്പോൾ എംഎല്‍എമാര്‍ കൂറുമാറിയതോടെ ഈ പദവി നഷ്ടപ്പെട്ടേക്കും.
അതേസമയം, നേരത്തെ ഈ വിഷയത്തില്‍ കൃത്യമായ മറുപടി നല്‍കാതെ നിതീഷ് കുമാര്‍ ഒഴിഞ്ഞുമാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റാണ് ജെഡിയു നേടിയത്. എന്നാല്‍ കഴിഞ്ഞ വെള്ളിയാഴ്ച ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

നിലവില്‍ 60 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 എംഎല്‍എമാരായി. ജെഡിയു എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ വാദം. സ്വന്തം താല്‍പര്യപ്രകാരമാണ് എംഎല്‍എമാര്‍ ബിജെപിയിലേക്കെത്തിയതെന്നും നേതൃത്വം അറിയിച്ചു. ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യമായ എന്‍ഡിഎയാണ് ഭരിക്കുന്നത്.