ബിജെപി അംഗത്തിന്റെ സംസ്‌കൃത സത്യപ്രതിജ്ഞ മലയാളത്തിൽ നോക്കി വായിച്ചത്; ട്രോളി സോഷ്യല്‍ മീഡിയ

single-img
22 December 2020

തിങ്കളാഴ്ച്ചയായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ്. തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പോലെ തന്നെ പലയിടങ്ങളിൽ സത്യപ്രതിജ്ഞ ചടങ്ങും ശ്രദ്ധേയമായിരുന്നു. ദൈവ നാമത്തിലോ അല്ലാതെയോ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് പൊതുവേ നമ്മൾ കാണാറുള്ളത്. എന്നാൽ, ഇന്നലെ ചിലരുടെ സത്യപ്രതിജ്ഞ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരുന്നു.

കരമന ഡിവിഷനില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട മഞ്ജു സംസ്‌കൃതത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. വലിയ തോതിലുള്ള പ്രചാരണമാണ് ഇതിനു ലഭിച്ചത്. സംസ്‌കൃതത്തില്‍ അഗാധമായ പ്രാവീണ്യം ഉള്ളതു പോലെയാണ് മഞ്ജു സത്യപ്രതിജ്ഞ ചെയ്തത്.ഇത് വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.

എന്നാല്‍ സംസ്‌കൃതം മലയാളം അക്ഷരത്തില്‍ പകര്‍ത്തി എഴുതിയായിരുന്നു മഞ്ജുവിന്റെ സത്യപ്രതിജ്ഞയെന്ന് പിന്നീട് വ്യക്തമായി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ആ സത്യപ്രതിജ്ഞാ ചടങ്ങ് പരിഹാസ്യമായി മാറി. 

ഇതിന് പുറമേ തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥി അയ്യപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ബിജെപി അംഗം കരമന അജിത്താണ് അയ്യപ്പസ്വാമിയുടെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് കരമന അജിത്ത് ജയിച്ചത്. ഫോര്‍ട്ട് വാര്‍ഡില്‍ നിന്നുള്ള ബിജെപിയുടെ സ്വതന്ത്രഅംഗം ജാനകി അമ്മാളിന്റെ സത്യപ്രതിജ്ഞ പത്മനാഭസ്വാമിയുടെ പേരിലായിരുന്നു.

അതിനിടെ തൃശൂര്‍ കൊണ്ടാഴി പഞ്ചായത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെയുണ്ടായ അബദ്ധം വിവാദമായിരുന്നു. അരിവാള്‍ ചുറ്റിക അടയാളത്തില്‍, ഈശ്വര നാമത്തില്‍ എന്നു ചൊല്ലിയായിരുന്നു ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞ.

കൊണ്ടാഴി പഞ്ചായത്തിലെ മൂത്തേടത്തുപടി വാര്‍ഡില്‍ വിജയിച്ച സിപിഐഎം സ്ഥാനാര്‍ത്ഥി രാധയാണ് അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ ഇത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ചൂണ്ടികാട്ടി ബിജെപി രംഗത്തെത്തി. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ വിജിത് വാരിയര്‍ ഇത് സംബന്ധിച്ച് വരണാധികാരിക്ക് പരാതി നല്‍കി.

സ്വതന്ത്രഅംഗങ്ങളായ മേരി ജിപ്സി തോമാശ്ലീഹയുടെ നാമത്തിലും നിസാമുദീന്‍, ഐഎന്‍എല്‍ അംഗം മുഹമ്മദ് ബഷീര്‍ എന്നിവര്‍ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞചെയ്തു. പ്രചരണത്തിനിടെ കാലിന് പരുക്ക് പറ്റി ചികിത്സയിലുള്ള കിണാവൂരില്‍ നിന്നുള്ള അംഗം സുരകുമാരി വീല്‍ച്ചെയറിലെത്തി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, കുടപ്പനക്കുന്നില്‍ നിന്നുള്ള എല്‍ഡിഎഫ് അംഗം ജയച്ചന്ദ്രന്‍നായര്‍ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ്ധരിച്ചെത്തി ഒടുവിലായി സത്യവാചകം ചൊല്ലി.