കൊവിഡ് വാക്സിൻ വിതരണം; മുഖ്യമന്ത്രിയോട് വിശദീകരണം തേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
14 December 2020

തദ്ദേശ തെരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടം നിലനിൽക്കേ കൊവിഡ് വാക്സിൻ എത്തിയാൽ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി കിട്ടിയ ഉടൻ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ വിശദീകരണം കിട്ടാതെ ഇതിൽ നടപടിയെടുക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ വിശദീകരണം തേടി കത്ത് നൽകിയെന്നും മറുപടി കിട്ടിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നും വി ഭാസ്കരൻ അറിയിച്ചു.

അതേസമയം, മന്ത്രി എ സി മൊയ്ദീൻ നേരത്തേ വോട്ട് ചെയ്തെന്ന പരാതിയിൽ തൽക്കാലം നടപടിയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. മന്ത്രി 7 മണിക്കാണ് വോട്ട് ചെയ്തതെന്നാണ് കളക്ടറുടെ റിപ്പോർട്ട്. അങ്ങിനെയല്ലാതെ തീരുമാനമെടുക്കാനുള്ള മറ്റൊന്നും മുന്നിലില്ല. അതുകൊണ്ടുതന്നെ നടപടിയുണ്ടാകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ടെടുപ്പിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.