വെൽഫെയർ പാർട്ടി സഖ്യത്തെ പരസ്യമായി എതിർത്തു; പ്രാദേശിക നേതാക്കളെ പുറത്താക്കി കോൺഗ്രസ്

single-img
14 December 2020

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ തൊട്ടുപിന്നാലെ മൂന്ന് പ്രാദേശിക നേതാക്കളെ കോൺഗ്രസ് പുറത്താക്കി. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് സംഭവം. വെൽഫെയർ പാർട്ടിയുമായുള്ള തെരഞ്ഞെടുപ്പ് ബന്ധത്തെ എതിർത്ത് പരസ്യ നിലപാട് സ്വീകരിച്ച നേതാക്കളായ കെ സി മൂസ, പ്രസാദ് ചേനാംതൊടിക, എൻ പി ഷംസുദ്ദീൻ എന്നിവരെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ നിന്നും പുറത്താക്കിയത്.

ആറ് വർഷത്തേക്കാണ് നടപടി. ദേശീയ തലത്തിലെ അടക്കം ധാരണകള്‍ക്ക് വിരുദ്ധമായിട്ടാണ് കോണ്‍ഗ്രസ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നത്. കേരളത്തില്‍ ആദ്യം മുല്ലപ്പള്ളി രാമചന്ദ്രനും കെസി വേണുഗോപാലും സഖ്യത്തെ തള്ളുകയും ചെയ്തിരുന്നു. കെ മുരളീധരനും എംഎം ഹസനും ഈ സഖ്യത്തെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെ വെല്‍ഫെയര്‍ പാര്‍ട്ടി തന്നെ സഖ്യം സ്ഥിരീകരിക്കുകയുണ്ടായി.