ഗര്‍ഭഛിദ്രത്തെ നിയമവിധേയമാക്കുന്ന ബില്‍ പാസായി; ചരിത്രപരമായ നിയമ നിര്‍മ്മാണത്തിലേക്ക് അര്‍ജന്റീന

single-img
12 December 2020

ഗര്‍ഭഛിദ്രത്തെ നിയമവിധേയമാക്കണമെന്ന ആവശ്യവുമായി വര്‍ഷങ്ങളായി അര്‍ജന്റീനയില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ വന്‍ വഴിത്തിരിവ്. രാജ്യത്തെ ഇടതുപക്ഷ പ്രസിഡന്റായ ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ് കൊണ്ടുവന്ന ബില്ല് ലോവര്‍ ഹൗസില്‍ പാസായി. തുടര്‍ന്ന് സെനറ്റ് കൂടി ഇത് വോട്ടെടുപ്പിലൂടെ അംഗീകരിച്ചാല്‍ ചരിത്രപ്രധാനമായ നിയനിര്‍മ്മാണത്തിലേക്കായിരിക്കും അര്‍ജന്റീന ഇനി കടക്കുക. ഇപ്പോള്‍ രാജ്യത്ത് നിലവില്‍ ബലാത്സംഗത്തിനിരയായ സ്ത്രീകള്‍, ഗുരുതരമായ ആരോഗ്യപ്രതിസന്ധി നേരിടുന്നവര്‍ എന്നീ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമാണ് അബോര്‍ഷന് അധികാരമുള്ളൂ.

പക്ഷെ നിയമം മറികടന്ന് പലയിടങ്ങളിലും നിയമവിരുദ്ധമായി അബോര്‍ഷന്‍ നടന്നുവരുന്നുണ്ട്. ഇവ നടത്താന്‍ പ്രത്യേകംരഹസ്യ ആശുപത്രികള്‍ പോലുമുണ്ടെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതുപോലുള്ള ആശുപത്രികളിലും വീടുകളിലും വച്ച് നടത്തുന്ന അബോര്‍ഷന്‍ കാരണം നിരവധി സ്ത്രീകളുടെ ജീവനാണ് നഷടമായിട്ടുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ അവകാശം എന്ന നിലയ്ക്കാണ് അബോര്‍ഷനെ നിയമവിധേയമാക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നത്.

അര്‍ജന്റീന ഉള്‍പ്പെടുന്ന മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും അബോര്‍ഷന്‍ നിയമങ്ങള്‍ വളരെ ‘സ്ട്രിക്ട്’ ആണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഈ അവസ്ഥയ്ക്ക് മാറ്റം വേണമെന്ന ആവശ്യം ഇവിടങ്ങളിലെല്ലാം ഉയരുന്നുമുണ്ട്. പക്ഷെ വിശ്വാസത്തിന്റെ ഭാഗമായാണ്, അത്തരമൊരു പരിഷ്‌കരണത്തിലേക്ക് മിക്ക ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇതുവരെ കടക്കാതിരുന്നത്.

സെനറ്റില്‍ വോട്ടെടുപ്പില്‍ വിജയിച്ച് പുതിയ നിയമം നിലവില്‍ വരാന്‍ ഇനിയും പ്രതിഷേധങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നാണ് പ്രക്ഷോഭകാരികള്‍ പറയുന്നത്.