പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറില്‍; പ്രസ്താവനയുമായി ഗവര്‍ണര്‍

single-img
11 December 2020

പശ്ചിമ ബംഗാളില്‍ ക്രമസമാധാന നില തകരാറിലെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നേരത്തേ മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബംഗാളില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കൈലാഷ് വിജയ് വര്‍ഗിയ, ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു.

ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നടന്ന ആക്രമണം ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നവരാണ് ആക്രമണത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില കാലങ്ങളായി തകരാറിലാണ്. ഇതിനെക്കുറിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രി മമതയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.