ഹനുമാനും ഡീപോർട്ട് ചെയ്ത പാകിസ്താൻ ചാരനും ഗ്യാസ് സബ്സിഡിയും കിസാൻ സമ്മാൻ നിധിയും

single-img
11 December 2020
hanuman aadhar

ഹനുമാനും ഡീപോർട്ട് ചെയ്ത പാകിസ്താൻ ചാരനും പൊതുവായി എന്താണുള്ളതെന്ന ചോദ്യം കേട്ടാൽ ഏതോ അസംബന്ധ നാടകത്തിലെ സംഭാഷണമാണെന്ന് തോന്നും. എന്നാൽ ഈ ചോദ്യം സമകാലിക ഇന്ത്യയിലെ ചില യാഥാർത്ഥ്യങ്ങളിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ഹിന്ദുമതത്തിൽ ദൈവമായി ആരാധിക്കുന്ന ഹനുമാനും ഡീപോർട്ട് ചെയ്ത പാകിസ്താൻ ചാരനായ മെഹ്ബൂബ് ഖ്തറിനും സ്വന്തമായി ആധാറുണ്ടെന്ന് മാത്രമല്ല രേഖകൾ പ്രകാരം അവർ ഈ രാജ്യത്തെ ചെറുകിട കർഷകരാണ്. രണ്ടുപേർക്കും സ്വന്തമായി ഗ്യാസ് കണക്ഷനും ഉണ്ട്.

hanuman aadhar card
ഹനുമാൻ്റെ പേരിലുള്ള ആധാർ കാർഡ് (കടപ്പാട്: ദ ക്വിൻ്റ്)

സാധാരണക്കാർക്കുള്ള ആനുകൂല്യങ്ങൾ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തിക്കുവാൻ ആധാർ സഹായിക്കുമെന്ന കേന്ദ്രസർക്കാരിൻ്റെ വാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്ന സംഭവമാണിത്. ഹനുമാൻ എന്ന ദൈവത്തിനും ഇന്ത്യ ഡീപോർട്ട് ചെയ്ത് പാകിസ്താനിലേയ്ക്ക് തിരിച്ചയച്ച ഐ എസ് ഐ ചാരൻ മെഹ്ബൂബ് രാജ്പുത്തിനും മാത്രമല്ല മറാഠി നടനായ റിതേഷ് ദേശ്മുഖി (Riteish Deshmukh)നും ചെറുകിട കർഷകർക്കുള്ള പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM-Kisan Samman Nidhi) വഴി അക്കൗണ്ടിൽ പണം ലഭിച്ചുവെന്ന് ദേശീയ ഓൺലൈൻ മാധ്യമമായ ദ ക്വിൻ്റ് (The Quint) റിപ്പോർട്ട് ചെയ്യുന്നു.

pak spy mehboob aadhar

ഇൻ്റർനെറ്റ് വഴിയും മറ്റും പരസ്യമായി ലഭ്യമായ ആധാർ നമ്പരുകൾ ഉപയോഗിച്ച് തട്ടിപ്പുകാർ എങ്ങനെയാണ് ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നത് എന്നാണ് ക്വിൻ്റിൻ്റെ റിപ്പോർട്ട്. ഹനുമാൻ്റെ പേരിലും മെഹ്ബൂബിൻ്റെ പേരിലും ആധാർ നമ്പർ ഉള്ള കാര്യം 2014-ൽ വാർത്തയായിരുന്നു.

ആധാർ കാർഡിലെ രേഖകൾ പ്രകാരം “ഹനുമാൻ ജി” രാജസ്ഥാനിലെ സീക്കർ സ്വദേശിയാണ്. അദ്ദേഹത്തിൻ്റെ പിതാവിൻ്റെ പേര് “പവൻ” (പുരാണത്തിൽ വായുദേവനായ പവനൻ്റെ പുത്രനാണ് ഹനുമാൻ) എന്നാണെന്നും 1959 ജനുവരി ഒന്നിനാണ് അദ്ദേഹം ജനിച്ചതെന്ന് ആധാർ കാർഡിലുണ്ടായിരുന്നു. ഇത് വാർത്തയായതിനെത്തുടർന്ന് ആധാർ കാർഡ് ഡീയാക്ടിവേറ്റ് ചെയ്യപ്പെട്ടെങ്കിലും 2018-ൽ ഈ ആധാർ കാർഡിൽ ഒരു ഗ്യാസ് കണക്ഷൻ ഉണ്ടെന്നും ബാങ്ക് അക്കൗണ്ട് ബന്ധിപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമമായ “ദ വയർ”( The Wire) റിപ്പോർട്ട് ചെയ്തിരുന്നു.

2016 ഒക്ടോബർ 17-നാണ് മെഹ്ബൂബ് അഖ്തർ എന്ന പാക് പൗരൻ ഡൽഹി പൊലീസിൻ്റെ പിടിയിലാകുന്നത്. ഇയാൾ പാകിസ്താൻ ചാരസംഘടനയായ ഐ എസ് ഐയുടെ ഏജൻ്റ് ആണെന്ന് പൊലീസ് കണ്ടെത്തി. എന്നാൽ ഇയാൾക്ക് “മെഹബൂബ് രാജ്പുത്ത്” എന്ന പേരിൽ സ്വന്തമായി ഒരു ആധാർ കാർഡുണ്ടായിരുന്നു. ഇത് വലിയ വാർത്തകൾക്കും വിവാദങ്ങൾക്കും വഴിവെച്ചു. ഒരു പാകിസ്താൻ ചാരന് എങ്ങനെ ഇന്ത്യയിൽ ഒരു ഒറിജിനൽ ആധാർ കാർഡ് നേടാനായി എന്ന കാര്യം പാർലമെൻ്റിൽ വരെ ചർച്ചയായി. രാജ്യസഭാംഗമായ കെവിപി ചന്ദ്രശേഖര റാവു(K.V.P Ramachandra Rao) ഇത് പാർലമെൻ്റിൽ ഒരു ചോദ്യമായി ഉന്നയിച്ചു. എന്നാൽ ഒരു വർഷത്തിന് ശേഷം 2017 ഡിസംബറിലും ഈ ആധാർ കാർഡ് ആക്ടീവ് ആണെന്ന് ദ വയർ അടക്കമുള്ള മാധ്യമ സ്ഥാപനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2017 ഒക്ടോബറിൽ ഈ കാർഡിലേയ്ക്ക് രണ്ട് ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്തിരുന്നതായും ഈ കാർഡുപയോഗിച്ച് പാചകവാതക കണക്ഷൻ എടുത്തിരുന്നതായും കണ്ടെത്തി.

തനിക്ക് ആധാർ കാർഡ് ലഭിച്ച കാര്യം അറിയിച്ചുകൊണ്ട് 2013-ൽ ആധാർ കാർഡിൻ്റെ ചിത്രം സഹിതം മറാഠി സിനിമാനടനായ റിതേഷ് ദേശ്മുഖ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിൻ്റെ ലിങ്ക് അദ്ദേഹം ട്വീറ്റും ചെയ്തിരുന്നു.

ritiesh deshmukh aadhar card

ഇത്തരത്തിൽ പരസ്യമായി ലഭ്യമായ ആധാർ നമ്പരുകൾ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങളുണ്ട് എന്നാണ് ദ ക്വിൻ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം പ്രധാനമന്ത്രി ചെറുകിട കർഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് നൽകിയ കിസാൻ സമ്മാൻ നിധിയാണ് ഹനുമാൻ്റെയും പാക് ചാരൻ്റെയും മറാഠി നടൻ്റെയും ആധാർ നമ്പർ വഴി വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ലഭിച്ചിരിക്കുന്നത്. 2000 രൂപയുടെ ഗഡുക്കളായി മൊത്തം 6000 രൂപയാണ് ഒരു കർഷകന് ലഭിക്കുന്നത്. കിസാൻ സമ്മാൻ നിധി വഴി വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആധാറിൻ്റെ വ്യാജ രജിസ്ട്രേഷനുകൾ വ്യാപകമായി നടക്കുന്നുണ്ടെന്നും അതുവഴി ആനുകൂല്യങ്ങൾ തട്ടിയെടുക്കാമെന്നുമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് സാങ്കേതിക വിദഗ്ദനായ അനിവർ അരവിന്ദ് ഇവാർത്തയോട് പറഞ്ഞു. കെ വൈ സി, കെ വൈ ആർ വിവരങ്ങളില്ലാതെ ആധാർ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നതാണിതിന് കാരണം, പാചക വാതക സബ്സിഡി ഉൾപ്പടെയുള്ള ഡയറക്ട് ബെനിഫിറ്റ് സ്കീമുകളിൽ വ്യാജ ആധാരുകൾ ഉപയോഗിച്ച് വലിയ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും അനിവർ പറയുന്നു. ആധാറിൻ്റെ ആധികാരികതയില്ലായ്മ തുറന്നു കാട്ടുന്ന “റീതിങ്ക് ആധാർ” എന്ന കൂട്ടായ്മയുടെ ഭാഗമാണ് അനിവർ അരവിന്ദ്.

ഹനുമാൻ്റെ പേരിലുണ്ടായിരുന്ന ആധാർ നമ്പർ “രാംനാഥ്“ എന്ന പേരിലാണ് കിസാൻ സമ്മാൻ നിധിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ബല്ല്യ ജില്ലയിലുള്ള ഒരു കർഷകനാണ് ഇദ്ദേഹമെന്നാണ് രേഖകളിലുള്ളത്. ആധാർ നമ്പർ വെരിഫൈ ചെയ്തിട്ടില്ല എന്നാണ് പബ്ലിക് ഫിനാൻഷ്യൽ മാനേജ്മെൻ്റ് സിസ്റ്റത്തിൻ്റെ വെബ്സൈറ്റിൽ പറയുന്നതെങ്കിലും ഈ ബാങ്ക് അക്കൗണ്ടിലേയ്ക്ക് 6000 രൂപ കൊടുത്തതായി വെബ്സൈറ്റിലുണ്ടെന്നും ദ ക്വിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.

പാക് ചാരനായ മെഹ്ബൂബ് കേന്ദ്രസർക്കാർ രേഖകൾ പ്രകാരം ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഒരു കർഷകനാണ്. ഇന്ത്യാ ഗവണ്മെൻ്റ് ഇദ്ദേഹത്തെ നാടുകടത്തിയെങ്കിലും പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധി വഴി രണ്ട് ഗഡുക്കളായി 4000 രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

മറാഠി സിനിമാനടനായ റിതേഷ് ദേശ്മുഖ് രേഖകൾ പ്രകാരം ഗുജറാത്തിലെ ദാഹോദ് ജില്ലയിലുള്ള ഗുൽബർഗ ഗ്രാമത്തിലെ ഒരു കർഷകനാണ്. കിസാൻ സമ്മാൻ നിധിയിൽ നിന്നും ഇദ്ദേഹത്തിൻ്റെ പേരിലുള്ള അക്കൗണ്ടിലേയ്ക്ക് 2000 രൂപയുടെ ആദ്യ ഗഡു ക്രെഡിറ്റ് ആയതായി രേഖകളിൽ കാണാം. എന്നാൽ തൻ്റെ പേരിൽ ഇത്തരത്തിൽ ഒരു ബാങ്ക് അക്കൗണ്ട് ഉള്ള കാര്യം തനിക്കറിയില്ലെന്ന് റിതേഷ് ദേശ്മുഖ് പറഞ്ഞതായി ക്വിൻ്റ് റിപ്പോർട്ട് ചെയ്യുന്നു.

വരും ദിവസങ്ങളിൽ ഡയറക്ട് ബെനിഫിറ്റ് സ്കീമുകളിലെ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content: Hanuman, Pak Spy & ‘Riteish Deshmukh’ Get PM KISAN Cash as Farmers

.