ട്രംപിനെതിരായ പെന്‍സില്‍വേനിയയിലെ ഫലവും ശെരിവച്ചു സുപ്രീംകോടതി ട്രംപിന്റെ അപ്പീല്‍ തള്ളി

single-img
9 December 2020

അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് പെൻസിൽവേനിയയിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരേ നൽകിയ അപ്പീൽ യുഎസ് സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പിന് ശേഷമുളള വ്യവഹാരങ്ങളിൽ ഇടപെടാൻ താല്പര്യമില്ലെന്ന സൂചനയോടെയാണ് കേസ് തള്ളിയത്.

ട്രംപ് നിയമിച്ച മൂന്നുജസ്റ്റിസുമാർ ഉൾപ്പടെ ഒമ്പത് ജസ്റ്റിസുമാരിൽ ആരും കോടതിയുടെ നടപടിയിൽ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല എന്നുളളതും ശ്രദേധയമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ ഡൊണാൾഡ് ട്രംപ് തയ്യാറായിട്ടില്ല. എന്നുമാത്രമല്ല അടിസ്ഥാനരഹിതമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി വോട്ടെണ്ണലിൽ കൃത്രിമം നടന്നതായുളള ആരോപണം ട്രംപ് തുടരുകയുമാണ്.

തിരഞ്ഞെടുപ്പിൽ നിർണായകമായ സംസ്ഥാനങ്ങളിലെല്ലാം തന്നെ ട്രംപും അനുകൂലികളും തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് ഒരു ഡസനോളം കേസുകൾ സംസ്ഥാനങ്ങളിലെ കോടതികളിൽ ഫയൽ ചെയ്തിരുന്നു. അതിലൊന്നാണ് പെൻസിൽവേനിയയിലെ തപാൽ വോട്ടുകളുടെ നിയമസാധുതയെ ചോദ്യം ചെയ്ത് കൊണ്ട് മൈക്ക് കെല്ലി നൽകിയ പരാതി. നാലുവർഷങ്ങൾക്ക് മുമ്പ് ട്രംപ് വിജയക്കൊടി പാറിച്ച പെൻസിൽവേനിയ ഇത്തവണ തുണച്ചത് ബൈഡനെയായിരുന്നു.

എന്നാൽ കേസ് കോടതി തള്ളിയതോടെയാണ് നീതി തേടി യുഎസിന്റെ പരമോന്നതനീതിപീഠത്തിലേക്ക് ട്രംപ് എത്തിയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും നിർത്തിവെക്കണമെന്ന് കോടതിയോട് ട്രംപ് വിഭാഗം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോടതി തനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നായിരുന്നു ട്രംപിന്റെ കണക്കുകൂട്ടൽ.