ഉന്നതന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനെന്ന് കെ സുരേന്ദ്രന്‍; കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചുവെന്ന് സി.പി.എം

single-img
8 December 2020

സ്വര്‍ണക്കടത്ത് കേസിലെ ഭരണഘടന സ്‌ഥാനം വഹിക്കുന്ന ഉന്നതൻ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്പീക്കര്‍ക്കും ചില മന്ത്രിമാർക്കും സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സുരേന്ദ്രന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

മന്ത്രിമാരും സ്പീക്കറും വരെ സ്വര്‍ണക്കടത്തിനായി സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അധോലോക സംഘങ്ങളെ സഹായിക്കാനായി പോലും ഇവര്‍ പദവികള്‍ ദുരുപയോഗം ചെയ്‌തെന്നും സുരേന്ദ്രന്‍ പറഞ്ഞു. സ്പീക്കറുടെ വിദേശയാത്രകള്‍ പലതും ദുരൂഹമാണെന്നും സുരേന്ദ്രന്‍ ആരോപിക്കുന്നു. നേരത്തെ തന്നെ സ്വര്‍ണക്കടത്തില്‍ ഉന്നതന് പങ്കുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ പിടിച്ചാണ് സ്പീക്കര്‍ക്കെതിരെ സുരേന്ദ്രന്‍ രംഗത്തുവന്നിരിക്കുന്നത്.

അതേ സമയം സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ച കെ.സുരേന്ദ്രനെതിരെ സി.പി.എം നേതൃത്വം. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ചോദിക്കുന്നു. സ്പീക്കറെ മനഃപൂര്‍വ്വം അപമാനിക്കാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നു. പ്രതികള്‍ പറഞ്ഞുവെന്ന് കാണിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്ന സുരേന്ദ്രന്റെ വെളിപ്പെടുത്തലിനോട് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. സ്വര്‍ണക്കടത്തില്‍ സ്പീക്കര്‍ക്ക് പങ്കുണ്ടോ ഇല്ലയോ എന്ന കാര്യം തനിക്കറിയില്ല. താന്‍ ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല. കെ.സുരേന്ദ്രന്‍ പറഞ്ഞതെന്താണെന്ന് സുരേന്ദ്രനോട് തന്നെ ചോദിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.