ഒരേസമയം പൊലീസിന്റെയും മുത്തൂറ്റ് ഗ്രൂപ്പിന്റെയും ഉപദേഷ്ടാവ്: കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡിന് പിന്നിൽ രമൺ ശ്രീവാസ്തവയെന്ന് റിപ്പോർട്ട്

single-img
30 November 2020
raman srivasthava ksfe raid

കെഎസ്എഫ്ഇ(KSFE) ശാഖകളില്‍ വിജിലന്‍സ്(Vigilance) നടത്തിയ പരിശോധന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ രമണ്‍ ശ്രീവാസ്തവ(Raman Srivastava)യുടെ അറിവോടെയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ അദ്ദേഹത്തിന് മറ്റൊരു സ്വകാര്യ ധനമിടപാട് സ്ഥാപനവുമായുള്ള ബന്ധത്തിൻ്റെ വിവരങ്ങളും പുറത്തായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് എന്ന പദവി വഹിക്കുമ്പോൾത്തന്നെ രമൺ ശ്രീവാസ്തവ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പി(Muthoot Pappachan Group)ൻ്റെ ഉപദേഷ്ടാവായും പ്രവർത്തിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇവാർത്തയ്ക്ക് ലഭിച്ചു.

raman srivastava muthoot pappachan group

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻ്റെ കീഴിലുള്ള സുരക്ഷാ കൺസൾട്ടൻസി സ്ഥാപനമായ എംപിജി സെക്യൂരിറ്റി ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡി(MPG Security Group Pvt. Ltd)ൻ്റെ ഉപദേഷ്ടാവാണ് രമൺ ശ്രീവാസ്തവ. പ്രസ്തുത സ്ഥാപനത്തിൻ്റെ വെബ്സൈറ്റിൽ Our Team എന്ന തലക്കെട്ടിൽ ആദ്യം കാണുന്നത് ശ്രീവാസ്തവയുടെ ചിത്രമാണ്. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ പ്രൊഫൈൽ വിവരിക്കുന്ന ഒരു പേജും ചിത്രം സഹിതം ഓപ്പൺ ആയി വരുന്നുണ്ട്. കേണല്‍ ദീപക് റെയ്‌ന (ചീഫ് ഓപ്പറേറ്റിങ് ഓഫീസർ), എകെ വേണുഗോപാല്‍ വൈസ് പ്രസിഡൻ്റ്, സുകേഷ്( അസോസിയേറ്റ് വൈസ് പ്രസിഡൻ്റ്) എന്നിവരാണ് ടീമിലുള്ള മറ്റ് ആളുകൾ.

raman srivastava muthoot

കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ റെയ്ഡിന് പിന്നാലെ രമൺ ശ്രീവാസ്തവയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. കെഎസ്എഫ്ഇയില്‍ നടന്ന റെയ്ഡിന് പിന്നില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ ശ്രീവാസ്തവയാണെന്നും ഇത് സ്വകാര്യ ധനകാര്യ സ്ഥാപനത്തെ സഹായിക്കാനാണെന്നും റെയ്ഡ് നടന്ന ഘട്ടത്തില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീവാസ്തവയും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും തമ്മിലുള്ള ബന്ധത്തിന്റെ വിവരങ്ങളും പുറത്തെത്തുന്നത്.

എന്നാല്‍ പരിശോധനയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നടക്കുന്നതിനിടയിലാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും(Thomas Isaac) വിജിലന്‍സ് പരിശോധനയെക്കുറിച്ച് അറിയുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും കൂടിയാലോചിച്ച ശേഷം പരിശോധന നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.



രമൺ ശ്രീവാസ്തവയെ പൊലീസ് ഉപദേഷ്ടാവായി നിയമിച്ചത് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്കിടയിലും ഇടത് അണികൾക്കിടയിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. 1991 ഡിസംബര്‍ പതിനഞ്ചിന് അന്നത്തെ ഉത്തരമേഖല ഡി.ഐ.ജി ആയിരുന്ന രമണ്‍ ശ്രീവാസ്തവയുടെ നിര്‍ദേശപ്രകാരം നടന്ന വെടിവെപ്പിൽ പാലക്കാട് പുതുപ്പള്ളി തെരുവില്‍ പതിനൊന്നു വയസുകാരി സിറാജുന്നിസ വെടിയേറ്റ് മരിച്ച സംഭവമുൾപ്പടെ സാമൂഹിക മാധ്യമങ്ങളിലും മറ്റും പലതവണ ചർച്ചയായിട്ടുണ്ട്.

Content: Raman Srivastava reportedly behind the Vigilance raid at KSFE is an advisor of both Kerala CM and Muthoot Pappachan Group