വ്യാപക വിമർശനം: പൊലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

single-img
23 November 2020
kerala police act amendment kp act 118a

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് വ്യാപകമായി വിലയിരുത്തപ്പെട്ട പൊലീസ് നിയമഭേദഗതി (Police act amendment) തൽക്കാലം നടപ്പാക്കുന്നില്ലെന്ന് സർക്കാർ തീരുമാനം. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ നിയമ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പ്രസ്താവനയിലൂടെ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് വിശദമായ ചര്‍ച്ച നിയമസഭയില്‍ നടത്തി എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടതിനെത്തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇത്തരമൊരു തീരുമാനമെടുത്തത്. നിയമഭേദഗതി പുനഃപരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

കേരള പൊലീസ് ആക്ട് 118 എ ഭേദഗതി വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പുതിയ നിയമഭേദഗതിയനുസരിച്ച്. ഏതു തരത്തിലുള്ള ആശയവിനിമയവും ആരുടെയെങ്കിലും “കീർത്തി” (Reputation ) ഹനിക്കുന്നതാണെന്നു ‘ആർക്കെങ്കിലും’ തോന്നിയാൽ കേസെടുത്ത് മൂന്നു കൊല്ലം വരെ തടവും 10000 രൂപ പിഴയും കിട്ടാവുന്ന ശിക്ഷയായി മാറുമെന്നതിനാൽ ഇത് വ്യക്തികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതെന്നാണെന്നും ഇടതുപക്ഷ ബുദ്ധിജീവികളും നേതാക്കളുമടക്കമുള്ളവർ വിലയിരുത്തിയിരുന്നു.

പൗരന്‍റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തഃസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സാമൂഹ്യമാധ്യങ്ങളിലൂടെയും അല്ലാതെയും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെയും മാനവികസതയുടെയും അന്തസഃത്തയ്ക്ക് യോജിക്കാത്ത പ്രചാരണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമൂഹമാകെ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content: Kerala Government to back off from widely criticised draconian Police act 118 A