പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി സംസ്ഥാന സര്‍ക്കാര്‍

single-img
2 November 2020

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കീഴിലുള്ള ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ നീക്കി.ശ്രീരാമിന് പകരമായി ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌ക്കരനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു.

സംസ്ഥാന സര്‍ക്കാരിനേയും ജനങ്ങളേയും ബാധിക്കുന്ന വ്യാജ വാര്‍ത്തകള്‍ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കുകയും ചെയ്യുന്നതിനായാണ് പിആര്‍ഡിയുടെ കീഴില്‍ ഫാക്ട് ചെക്ക് വിഭാഗത്തിന് തുടക്കം കുറിച്ചത്. പക്ഷെ അതിലേക്ക് കൊലപാതക കേസില്‍ നിന്നും രക്ഷപ്പെടാന്‍ വ്യാജരേഖകള്‍ ചമച്ചയാളിനെ തന്നെ ഉള്‍പ്പെടുത്തിയതിനെതിരെ വലിയ വിമര്‍ശനം ഉയരുകയായിരുന്നു.

ശ്രീരാമിനെ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സര്‍ക്കാരിന് കത്തു നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യൂണിയന്റെ പരാതി തുടര്‍ നടപടിക്കായി മുഖ്യമന്ത്രി പിആര്‍ഡിക്ക് കൈമാറുകയുമായിരുന്നു.